അട്ടപ്പാടി ഉൾപ്പെടെയുള്ള ആദിവാസി മേഖലയിൽ ചിലവഴിച്ച പണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂരിൽ ചേർന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടത് വലത് മുന്നണികൾ വനവാസികൾക്കുള്ള പണം കൊള്ളയടിച്ചെന്നും യോഗം കുറ്റപ്പെടുത്തി. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മന്ത്രി എ.കെ ബാലൻ ആണെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു.
വനവാസി പിന്നോക്ക വിഭാഗങ്ങളോട് കേരള സർക്കാർ കാട്ടുന്ന അവഗണനയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ഉണ്ടായത്. മധുവിന്റെ കൊലപാതകം ഒരു ഗൗരവമുള്ള വിഷയമായി ചർച്ച ചെയ്യാൻ ഇടത് വലത് മുന്നണികൾക്ക് താത്പര്യമില്ല. ഒറ്റപ്പെട്ട കൊലപാതകമായി ഇതിനെ ചിത്രീകരിക്കാനാണ് ഇവരുടെ ശ്രമം. അട്ടപാടിയിലും സംസ്ഥാനത്തെ മറ്റ് വനവാസി ഊരുകളിലും ചെലവഴിച്ച പണത്തെ കുറിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണം. ഇവിടങ്ങളിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തണം. പദ്ധതി നടത്തിപ്പിലെ കൊള്ളയെ കുറച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറുണ്ടോയെന്നും കെ സുരേന്ദ്രൻ വെല്ലുവിളിച്ചു. ഇതിന് പ്രതിപക്ഷം സമ്മർദ്ദം ചെലുത്തണം.  സമഗ്രമായ അന്വേഷണം നടന്നാൽ ഇരു മുന്നണികളിലെയും നേതാക്കൾ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഈ                                            വിഷയത്തിൽ ദേശീയ ജനാധിപത്യ സഖ്യവും ബിജെപിയും സംസ്ഥാന വ്യാപകമായി ശക്തമായ സമരം നടത്തും.
സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നതായും യോഗം വിലയിരുത്തി. ഷുഹൈബ് വധത്തിൽ അന്വേഷണം അട്ടിമറിച്ചു. ഇതിനെതിരെ സമരം ചെയ്ത സുധാകരനെയും കോൺഗ്രസ്സിനെയും പഴയ വിജിലൻസ് കേസുകൾ ഉയർത്തിക്കാട്ടി സിപിഎം ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ് ഒരു വലിയ പരിവർത്തനത്തിന്റെ തുടക്കമാകും. ദുർഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും തിരഞ്ഞെടുപ്പ്  ഫലം. നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചതിന് എതിരെ കുമ്മനം രാജശേഖരൻ ഹൈക്കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.