രണ്ടുമാസം പിന്നിട്ട സാമ്പത്തിക പരിഷ്കരണ നടപടികൾ ഭാരതത്തിന്‍റെ സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ ഗുണപരമായ ചലനങ്ങൾ സൃഷ്ഠിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യം കിട്ടി 7 പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശാപമായിരുന്ന കള്ളപ്പണത്തിനും സമാന്തര സമ്പദ് വ്യവസ്ഥക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച യുദ്ധത്തിനെ ലോക സമൂഹമാകെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. രാജ്യത്ത് വിനിമയത്തിലിരിക്കുന്ന കറൻസിയുടെ 80 ശതമാനത്തിലധികവും വരുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്‍റേയും നോട്ടുകൾ പിൻവലിച്ചു കൊണ്ട് നടത്തിയ പ്രഖ്യാപനത്തിലൂടെ കള്ളപ്പണം ഇല്ലാതാക്കുമെന്ന തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. എൻഡിഎ ഘടകകക്ഷികൾ മാത്രമല്ല ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഒറീസ്സാ മുഖ്യമന്ത്രി നവീൻ പട്നായിക്, തമിഴ്നാട് മുഖ്യമന്ത്രി പനീർ ശെൽവം എന്നീ ബിജെപി ഇതര മുഖ്യമന്ത്രിമാരും സാമ്പത്തിക വിദഗ്ദ്ധരും സാധാരണക്കാരും ഒരേ പോലെ ഈ തീരുമാനത്തെ അംഗീകരിച്ചു. എന്നാൽ 70 വർഷമായി കള്ളപ്പണത്തിന് കാവൽ നിൽക്കുന്ന കോൺഗ്രസും പിന്തിരപ്പൻ നിലപാടുകൾക്ക് പേരു കേട്ട കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും ഒത്തു ചേർന്ന് ഇതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്.
കള്ളപ്പണവും കരിഞ്ചന്തയും അഴിമതിയും പൂഴ്തത്തിവെയ്പ്പും ചേർന്ന് രൂപീകരിച്ച സമാന്തര സമ്പദ് വ്യവസ്ഥയുടെ ഗുണഭോക്താക്കളായ രാഷ്ട്രീയ നേതൃത്വവും അവർക്ക് നാവ് വാടകയ്കക്ക് കൊടുത്ത ചില സാംസ്കാരിക നായകരും സാമ്പത്തിക കുറ്റവാളികളും ദേശ വിരുദ്ധ ശക്തികളും ഉയർത്തിയ അപവാദ പ്രചരണങ്ങളെ അതിജീവിച്ച് നരേന്ദ്രമോദി സർക്കാരിനൊപ്പം നിലയുറപ്പിച്ച എല്ലാ ജനവിഭാഗങ്ങളേയും ഈ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രിയേയും ബിജെപി സംസ്ഥാന കൗൺസിൽ യോഗം അഭിനന്ദിക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എതിർപ്പുമായി രംഗത്തെത്തിയ കേരളാ ധനമന്ത്രി ഡോ തോമസ് ഐസക് കേന്ദ്രത്തിനെതിരെ തുടർച്ചയായി കള്ളപ്രചരണം നടത്തുകയായിരുന്നു ചെയ്തത്. സാമ്പത്തിക ശാസ്ത്രത്തിലെ ദുർഗ്രാഹ്യമായ പദാവലികൾ കൊണ്ട് സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് പരിഭ്രാന്തരാക്കാനാണ് ഐസക് ശ്രമിച്ചത്. കേന്ദ്രത്തിനെതിരെ കലാപത്തിനു പോലും ധനമന്ത്രി ആഹ്വാനം ചെയ്തത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സിപിഎം അനുകൂലികളായ ബാങ്ക് ഉദ്യോഗസ്ഥരെക്കൊണ്ട് സാമ്പത്തിക പരിഷ്കരണത്തെ അട്ടിമറിക്കാനുള്ള ശ്രമവും സിപിഎം നടത്തി. ഇത് മൂലം സാധാരണക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയായി. കേന്ദ്രത്തിനെതിരെ സിപിഎം നടത്തിയ ഗൂഡാലോചനയുടെ ഫലമാണിത്. ഒരര്‍ത്ഥത്തിൽ ഇത് കേരളം ഇരന്ന് വാങ്ങിയ പ്രതിസന്ധിയാണ്.
എന്നാൽ നോട്ട് നിരോധനം പ്രാബല്യത്തിലായി രണ്ടു മാസം പിന്നിടുമ്പോഴേക്കും പറഞ്ഞതെല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് കേരളത്തിലെ സിപിഎമ്മും ധനമന്ത്രിയും. ബാങ്കുകളിലേക്ക് തിരിച്ചെത്തിയ അസാധുവാക്കപ്പെട്ട നോട്ടുകളിൽ 4 ലക്ഷം കോടിയോളം കള്ളപ്പണമാണെന്ന റിസർവ്വ് ബാങ്കിന്‍റെ കണക്ക് പുറത്തു വന്നതോടെ നോട്ട് നിരോധനം ശരിയായ ചുവട് വെയ്പ്പ് തന്നെയാണെന്ന് തെളിഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി സംസ്ഥാനത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയ ഡോ തോമസ് ഐസക് ജനങ്ങളോട് മാപ്പ് പറയണമെന്ന് സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെടുന്നു.
കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാൻ കേന്ദ്രസർക്കാരും ബിജെപി കേരളാ ഘടകവും ശ്രമിക്കുന്നു എന്ന കള്ള പ്രചരണവും സിപിഎം നേതാക്കൾ നടത്തി. റിസർവ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിലല്ലാത്ത പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നോട്ട് മാറാൻ അനുമതി നൽകാത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. എന്നാൽ ഈ തീരുമാനം സുചിന്തിതവും ശരിയായതുമായിരുന്നുവെന്ന് യോഗം വിലയിരുത്തുന്നു. ആദായ നികുതി വെട്ടിക്കാൻ ബിനാമി പേരുകളിൽ സഹകരണ ബാങ്കുകളിൽ കോടികൾ നിക്ഷേപിച്ച നേതാക്കളുടെ ആശങ്കയായി മാത്രമേ ഇതിനേ കാണാനാകൂ. കള്ളപ്പണക്കാർക്ക് വേണ്ടി ഇടത് വലത് മുന്നണികൾ ഒന്നിക്കുന്ന കാഴ്ചയ്ക്കും കേരളം സാക്ഷിയായി. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശരിയായ പാതയിൽ എത്തിക്കാൻ ഭരണ ഘടനാപരമായ ബാധ്യതയുള്ള ഭരണാധികാരികൾ തന്നെ നിയമലംഘകർക്ക് വേണ്ടി വാദിക്കുന്നത് കേരളത്തെ വൻ വിപത്തിലേക്ക് എത്തിക്കും. ഈ തീക്കളി അവസാനിപ്പിക്കാൻ ഇരു മുന്നണികളും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെടുന്നു. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളവരുടെ പേരു വിവരങ്ങള്‍ നൽകണമെന്നും അക്കൗണ്ടുകൾ പരിശോധനക്ക് വിധേയമാക്കണമെന്നും മാത്രമാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടത്. ആദ്യം വിയോജിപ്പ് പ്രകടിപ്പിച്ച സിപിഎം പിന്നീട് ഇത് അനുവദിക്കുമെന്ന് പറഞ്ഞെങ്കിലും പരിശോധനക്ക് ചെല്ലുന്ന ഉദ്യോഗസ്ഥരെ കായികമായി നേരിടുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉള്ളത്. കള്ളപ്രചരണത്തിലൂടെയും ശാരീരികമായും ആദായ നികുതി ഉദ്യോഗസ്ഥരെ നിശബ്ദരാക്കാനുള്ള സിപിഎം ശ്രമം അനുവദിച്ച് കൊടുക്കരുതെന്ന് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നു.
നോട്ട് നിരോധനം മുതലാളിമാർക്ക് വേണ്ടിയാണെന്ന പ്രതിപക്ഷ ആരോപണത്തിന്‍റെ മുനയൊടിക്കുന്ന പ്രഖ്യാപനങ്ങളാണ് ഡിസംബർ 31 ന് പ്രധാനമന്ത്രി നടത്തിയത്. രാജ്യത്തെ അവശ വിഭാഗങ്ങളെ മുന്നിൽക്കണ്ട് പദ്ധതികൾ പ്രഖ്യാപിച്ച നരേന്ദ്രമോദി ദീനദയാൽ ഉപാദ്ധ്യായയുടെ അന്ത്യോദയാ സങ്കൽപ്പത്തിന് പ്രായോഗിക മുഖം നൽകി. കാർഷിക കടത്തിന്‍റെ രണ്ടു മാസത്തെ പലിശ എഴുതി തള്ളാനും കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പ അനുവദിക്കാനുമുള്ള തീരുമാനം സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടിയുള്ളതായിരുന്നു. സാമ്പത്തിക പരിഷ്കാരത്തിന്റെ ഗുണഭോക്താക്കളാകാൻ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് അവസരം നൽകിയ കേന്ദ്ര സർക്കാരിനെ ബിജെപി സംസ്ഥാന കൗൺസിൽ യോഗം അഭിനന്ദിക്കുന്നു.
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ പിണറായി വിജയൻ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. തങ്ങളല്ലാത്ത മറ്റാരേയും ജീവിക്കാൻ അനുവദിക്കില്ലെന്ന മാർക്സിസ്റ്റ് മാടമ്പിത്തരത്തിന് ആഭ്യന്തര വകുപ്പ് കുടപിടിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 19 ന് മുഖ്യമന്ത്രിയുടെ നാട്ടിൽ നിന്ന് തുടങ്ങിയ നരനായാട്ട്, പാലക്കാട്ട് പാവപ്പെട്ട വീട്ടമ്മയെ ചുട്ടുകൊന്ന സംഭവത്തിൽ എത്തി നിൽക്കുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പോലും രക്ഷയില്ലെന്ന സാഹചര്യം സംസ്ഥാനത്ത് സംജാതമായി. പയ്യന്നൂരിലും കൂത്തുപറമ്പിലും തലശ്സേരിയിലും, തിരുവനന്തപുരത്തും വീട്ടമ്മമാരെ ക്രൂരമായി അക്രമിച്ച സിപിഎം ക്രിമിനലുകളെ പൊലീസ് സംരക്ഷിക്കുകയാണ്. കണ്ണൂരിൽ 8 വയസ്സുകാരന്റെ കൈവെട്ടിയ സിപിഎം മലപ്പുറത്ത് 10 മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ നിലത്തടിച്ച് കൊല്ലാനും ശ്രമിച്ചു. പാലക്കാട് വീട്ടമ്മയെ ചുട്ടുകൊന്ന സംഭവം സമാനതകളില്ലാത്തതാണ്. ഒരു കുടുംബത്തെ മുഴുവൻ ചുട്ടുകൊല്ലാനാണ് സിപിഎം ശ്രമിച്ചത്. രണ്ടു പേർ മരണപ്പെട്ടു, ഒരാൾ മരണത്തോട് മല്ലടിക്കുകയാണ്. രാഷ്ട്രീയ വൈരത്തിന്റെ പേരിൽ സ്ത്രീകളേപ്പോലും ചുട്ടുകൊല്ലുന്ന നാടായി കേരളം മാറി. ഭരണ കക്ഷിയുടെ നേതൃത്വത്തിൽ സ്ത്രീയുടെ മാനവും ജീവനും തെരുവിൽ പിച്ചിച്ചീന്തപ്പെടുമ്പോൾ, പിഞ്ചു കുട്ടികളെപ്പോലും വേട്ടയാടുമ്പോൾ പ്രഖ്യാപിത മനുഷ്യാവകാശ പ്രസ്ഥാനങ്ങളും സാസ്കാരിക നായകരും ദീക്ഷിക്കുന്ന മൗനം ഭയാനകമാണ്. അവാർഡുകളുടേയും പുരസ്കാരങ്ങളുടേയും മുൻപിൽ മനുഷ്യത്വവും ധാർമ്മികതയും പണയപ്പെട്ട് പോകുന്നവരുടെ നീതിബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണമെന്ന് ബിജെപി സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെടുന്നു. ആയുധം താഴെ വെക്കാൻ സിപിഎം തയ്യാറല്ലെങ്കിൽ, ജീവനും സ്വത്തിനും സർക്കാർ സംരക്ഷണം നൽകയില്ലെങ്കിൽ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ടി വരുമെന്ന് സംസ്ഥാന കൗൺസിൽ യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകുന്നു.
കേരളത്തിൽ വര്‍ദ്ധിച്ചു വരുന്ന ദളിത് – സ്ത്രീ പീഡനങ്ങളിൽ സംസ്ഥാന കൗൺസിൽ ഉത്കണ്ഠയും ആശങ്കയും രേഖപ്പെടുത്തുന്നു. ദളിത് വിഭാഗങ്ങളുടെ സംരക്ഷകരെന്ന് നടിച്ച് അവരുടെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ ഇടത് പക്ഷം അവരെ പുറംകാലിന് അടിക്കുകയാണ്. കോട്ടയം നാട്ടകം സർക്കാർ പോളി ടെക്നിക്കിലെ ഹോസ്റ്റൽ മുറിക്ക് എസ്എഫ്ഐ നേതാക്കൾ പുലയക്കുടിൽ എന്ന് പേരിട്ട് ദളിത് വിദ്യാർത്ഥികളെ മർദ്ദിക്കാനുള്ള ഇടിമുറിയാക്കി മാറ്റിയെന്ന വാർത്ത ഇടത് പക്ഷത്തിന്‍റെ മാടമ്പി സ്വഭാവം കേരളത്തിന് മനസ്സിലാക്കി കൊടുത്തു. ചെറുമന് കുടിൽ മാത്രമാണ് യോജിച്ചതെന്ന ഇടത് ധാർഷ്ട്യം സാംസ്കാരിക കേരളത്തിന് അപമാനമാണ്. എസ്എഫ്ഐ പ്രവർത്തകരുടെ പീഡനം സഹിക്കാതെ ചെറുത്തു നിൽക്കാൻ ശ്രമിച്ച അവിനാശിനെ വിഷക്കള്ള് കുടിപ്പിച്ചു.ഇത് മൂലം വൃക്കകളുടെ പ്രവർത്തനം തകരാറിലായി. മരണത്തോട് മല്ലടിച്ച് ജീവിതത്തിലേക്ക് തിരികെ വരാൻ ശ്രമിക്കുന്ന അവിനാശിനെ ഒന്ന് കാണാൻ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിച്ച ബിജെപി പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് തല്ലിയൊതുക്കാനാണ് സർക്കാർ ശ്രമിച്ചത്. കോട്ടയത്ത് ദളിത് വിദ്യാർത്ഥിയാണ് പീഡിപ്പിക്കപ്പെട്ടതെങ്കിൽ തിരുവനന്തപുരത്ത് ആദിവാസി വിദ്യാർത്ഥിയാണ് എസ്എഫ്ഐയുടെ ക്രൂരതയ്ക്ക് ഇരയായത്. കാര്യവട്ടം ക്യാമ്പസ്സിലെ ഒന്നാം വർഷ പിജി വിദ്യാർത്ഥിയായ ആദിവാസി വിഭാഗത്തിൽപെട്ട രാജേഷ് ബാബുവിനും നേരിടേണ്ടി വന്നത് ജാതീയമായ അധിക്ഷേപമാണ്. എംജി സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി വിമലിനെ മർദ്ദിച്ച് മൃതപ്രായമാക്കിയതും എസ്എഫ്ഐ നേതാക്കളാണ്.
തിരുവനന്തപുരം കണ്ണമ്മൂലയിൽ സിപിഎം അക്രമികൾ വെട്ടിക്കൊന്ന വിഷ്ണു എന്ന 19 വയസ്സുകാരനും ദളിത് വിഭാഗത്തിൽ പെട്ടതായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിച്ച വിഷ്ണുവിന്റെ അമ്മയും ചെറിയമ്മയും ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. നെയ്യാറ്റിൻകരയിൽ ബിജെപി ബൂത്ത് പ്രസിഡന്റായ അനിൽകുമാർ എന്ന ദളിത് യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് സിപിഎമ്മുകാർ കുത്തിക്കൊന്നത്. കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ മലപ്പുറം പരപ്പനങ്ങാടിയിൽ ബിജെപി ഏരിയാ പ്രസിഡന്റും ദളിത് വിഭാഗത്തിൽ പെട്ടയാളുമായ ഉണ്ണികൃഷ്ണന്റെ വീട്ടിൽ സിപിഎം നടത്തിയ അതിക്രമം കണ്ണിൽ ചോരയില്ലാത്തതായിരുന്നു. വീട് തകർത്ത ശേഷം കിണറ്റിൽ മനുഷ്യ വിസർജ്ജ്യവും തലമുടിയും നിക്ഷേപിച്ചാണ് സിപിഎം പ്രതികാരം ചെയ്തത്.
കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ ദളിത് വിഭാഗങ്ങളുടെ കൊലമുറിയായി മാറുകയാണ്. കൊല്ലം കുണ്ടറയിൽ കുഞ്ഞുമോനെന്ന ദളിത് യുവാവിനെ തല്ലിക്കൊന്നത് പൊലീസ് സ്റ്റേഷനകത്തായിരുന്നു. പിണറായി വിജയൻ അധികാരത്തിലെത്തിയ ശേഷം 400 ദളിത് പീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ദളിത് യുവതി ആതിര ആത്മഹത്യ ചെയ്തത് പൊലീസ് പീഡനം മൂലമായിരുന്നു 35 പട്ടികജാതി- ആദിവാസി പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. ദളിത് ആദിവാസി വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടേണ്ടവരാണെന്ന സിപിഎം സവർണ്ണ ചിന്തയാണ് അക്രമം വർദ്ധിക്കാൻ കാരണമായതെന്ന് യോഗം വിലയിരുത്തുന്നു.
പിണറായി വിജയൻ സർക്കാർ സംസ്ഥാനത്തെ ജനങ്ങൾക്ക് അന്നം നിഷേധിക്കുകയാണ്. രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളത്തിലെ പൊതുവിതരണ സമ്പ്രദായം തകർന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഇരു മുന്നണികൾക്കും ഒഴിഞ്ഞു മാറാനാവില്ല. ചരിത്രത്തിൽ ആദ്യമായി കേരളത്തിൽ റേഷൻ മുടങ്ങി.14,245 ന്യായവില ഷോപ്പുകൾ വഴിയാണ് കേരളത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത്. ഒരു റേഷൻ കടയിൽ നിന്ന് ശരാശരി 400 കുടുംബങ്ങള്‍ റേഷൻ വാങ്ങുന്നുണ്ടെന്നാണ് കണക്കുകൾ. 1965 മുതൽ സംസ്ഥാനത്ത് വിജയകരമായി നടന്നു വന്ന സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പിണറായി ഭരണത്തിൽ അട്ടിമറിക്കപ്പെട്ടു. ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്‍റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന സംസ്ഥാനത്തെ സംബന്ധിച്ച് റേഷൻ വിതരണം നിലച്ചത് ഇരുട്ടടിയായി. ഇതേ തുടർന്ന് പൊതുവിപണിയിൽ അരി വില 40 രൂപക്ക് മുകളിലാവുകയും ചെയ്തു. എന്നിട്ടും സർക്കാർ കാഴ്ചക്കാരായി നോക്കി നിൽക്കുകയാണ്. കേരളത്തെ മാറിമാറി ഭരിച്ച മുന്നണികൾ പരസ്പരം കുറ്റപ്പെടുത്തി രാഷ്ട്രീയ നാടകം കളിക്കുകയാണ്.
2013 ൽ നടപ്പാക്കിയ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാൻ സംസ്ഥാനം തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നിയമം നടപ്പാക്കാൻ 6 തവണയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ സാവകാശം ചോദിച്ചത്. പിന്നീട് ഭരണത്തിലെത്തിയ ഇടതു മുന്നണിയും അതേ പാത പിന്തുടർന്നതോടെയാണ് കേന്ദ്രം അന്ത്യശാസനം നൽകിയത്. നിയമം നടപ്പാക്കാതെ റേഷൻ അനുവദിക്കില്ലെന്ന നിലപാടിൽ ഇളവ് വരുത്താൻ കേന്ദ്രം വീണ്ടും തയ്യാറായെന്നതും ശ്രദ്ധേയമാണ്. കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യം എഫ് സി ഐ ഗോഡൗണുകളിൽ കേന്ദ്രം എത്തിച്ചു. തൊഴിലാളി പണിമുടക്കും സംഭരണ ശാലകളുടെ അപര്യാപ്തതയും മൂലം റേഷൻ ജനങ്ങളിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ല. എന്നിട്ടും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാർ ശ്രമിക്കുന്നത്. ഇത് മനുഷ്യത്വ രഹിതവും ഭരണഘടനാ വിരുദ്ധവുമാണ്. നാളിതുവരെയായിട്ടും റേഷൻ കിട്ടാൻ അർഹതയുള്ളവരെ കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ആയിട്ടില്ല. മുൻഗണനാ പട്ടികയെപ്പറ്റി മാത്രം 16,30,754 പരാതികളാണ് സര്‍ക്കാരിന് കിട്ടിയത്. ഇതിൽ 12.5 ലക്ഷം പരാതികളും കഴമ്പുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് സർക്കാർ ഇത് കൈകാര്യം ചെയ്തതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് തുടങ്ങിയ റേഷൻ കാർഡുകളുടെ വിതരണവും പൂർത്തിയാക്കാൻ സർക്കാരിനായിട്ടില്ല. ഇടത്തട്ടുകാരെ പൂർണ്ണമായും ഒഴിവാക്കി റേഷൻ സർക്കാർ തന്നെ വിതരണം ചെയ്യണമെന്ന വ്യവസ്ഥയാണ് കേന്ദ്ര നിയമത്തിലുള്ളത്. ഇത് സാധ്യമാകണമെങ്കിൽ സംസ്ഥാന സർക്കാരിന് സ്വന്തമായി സംഭരണ ശാലകള്‍ ഉണ്ടാകണം. റേഷൻ അർഹതപ്പെട്ടവർക്ക് കിട്ടുന്നു എന്ന് ഉറപ്പ് വരുത്താൻ കടകൾ കംപ്യൂട്ടര്‍വത്കരിക്കുകയും വേണം. എന്നാൽ ഇതൊന്നും ചെയ്യാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് തരംതാണ രാഷ്ട്രീയ കളിയാണ്.
കേന്ദ്രനിയമം നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന് 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യമാണ് കിട്ടുക. നിലവിൽ ഇത് 15.9 ലക്ഷം ടണ്ണാണ്. കേന്ദ്രനിയമം നടപ്പാക്കുമ്പോൾ ഭക്ഷ്യധാന്യം കുറവുണ്ടാകുമെന്ന ആക്ഷേപമാണ് മുന്നണികൾ ഉന്നയിക്കുന്നത്. എന്നാൽ പട്ടികയിൽ ലക്ഷക്കണക്കിന് അനർഹരുണ്ടെന്ന ആക്ഷേപം കണക്കിലെടുക്കാതെ കരിഞ്ചന്തക്ക് കൂട്ടു നിൽക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ആകെയുള്ള ഉപഭോക്താക്കളിൽ 45 ശതമാനം പേരും റേഷൻ വാങ്ങുന്നില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. യാഥാർത്ഥ്യം ഇതായിരിക്കെ കേന്ദ്രത്തിനെതിരെ രാഷ്ട്രീയം കളിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പക്കാനുള്ള ശ്രമത്തിൽ നിന്ന് മുന്നണികള്‍ പിന്മാറണം. അടിസ്ഥാന ആവശ്യമായ ഭക്ഷണം ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ സംസ്ഥാനം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെടുന്നു.
അഴിമതിക്കെതിരായ നടപടിയുടെ കാര്യത്തിൽ ഇരട്ട നീതി പിന്തുടരുന്ന മുഖ്യമന്ത്രി കേരളത്തിൽ ഭരണ സ്തംഭനത്തിന് കാരണക്കാരനായതായി യോഗം വിലയിരുത്തുന്നു. ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പിണറായി വിജയൻ നടത്തുന്ന ശ്രമങ്ങൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചേരിപ്പോരിലേക്കാണ് കേരളത്തെ കൊണ്ടു ചെന്നെത്തിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചരിത്രത്തിൽ ആദ്യമായി പണിമുടക്കേണ്ടി വന്നു. സർക്കാരിന്റെ ഭീഷണിക്ക് വഴങ്ങി പണിമുടക്ക് പിൻവലിച്ചെങ്കിലും ഭരണ സ്തംഭനമാണ് കേരളത്തിൽ ഇന്നുള്ളത്. കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് സ്ഥാപിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം ഉദ്യോഗസ്ഥർക്കിടയിൽ രണ്ടു തരം പൗരൻമാരെ സൃഷ്ടിക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് യോഗം ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരിലേക്ക് സെൽ ഭരണം അടിച്ചേൽപ്പിക്കാനുള്ള സിപിഎം ഗൂഡ നീക്കമായി മാത്രമേ ഇതിനേ കാണാനാകൂ. 25 ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ പിണറായി വിജയൻ അപ്രഖ്യാപിത നിയമന നിരോധനം ഏർപ്പെടുത്തി യുവാക്കളെ വഞ്ചിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ നിലവിലുള്ളപ്പോൾ പിൻവാതിലിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് ഇടതു പക്ഷം നടത്തിയത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ തൊഴിൽ പ്രതീക്ഷകളെ തല്ലിത്തകർത്ത പിണറായി സർക്കാർ സ്വാശ്രയ മാനേജ് മെന്‍റുകളുമായി ഒത്തുകളിച്ച് വിദ്യാർത്ഥികളുടെ ജീവിതവും തുലയ്ക്കുകയാണ്. തൃശൂർ പാമ്പാടിയിലെ നെഹൃുകോളേജിൽ ആത്മഹത്യ ചെയ്ത വിഷ്ണു സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരി വിട്ട സർക്കാർ നയത്തിന്‍റെ രക്തസാക്ഷിയാണ്.
സംസ്ഥാനം അതിരൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക് പോകുമ്പോൾ നിസംഗതയോടെയാണ് പിണറായി സർക്കാർ അതിനെ സമീപിക്കുന്നത്. ഒരിറ്റ് ജലത്തിനായി ലക്ഷക്കണക്കിന് ജനങ്ങൾ യാചിക്കുമ്പോൾ പ്ലാച്ചിമടയിൽ സ്വകാര്യ കുത്തകയ്കക്ക് നിർബാധം വെള്ളമൂറ്റാൻ അനുമതി നൽകിയതോടെ സർക്കാർ വിധേയത്വം ആരോടാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ദാഹജലത്തിനായി കേഴുന്ന മലയാളിക്ക് പ്രതീക്ഷയേകിക്കൊണ്ടാണ് ജലസ്വരാജ് പദ്ധതിക്ക് ബിജെപി രൂപം കൊടുത്തത്. ഇതുമായി സഹകരിക്കുന്ന പരിസ്ഥിതി പ്രവർത്തകരെ രാഷ്ട്രീയ കണ്ണിലൂടെ കണ്ട് അവർക്കെതിരെ രംഗത്ത് വരുന്നത് ആശങ്കാജനകമാണ്. കുടിവെള്ളത്തിൽ പോലും രാഷ്ട്രീയം കാണുന്ന പിണറായി സർക്കാിരിന്റെ ദുഷ്ടബുദ്ധിയെ ജനം തിരിച്ചറിയും. 3 ലക്ഷം കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമി പോലും ഇല്ലെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 5 ലക്ഷം ഏക്കർ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സർക്കാര്‍ ഏറ്റെടുക്കാനുള്ളപ്പോഴാണ് ഈ ദുരവസ്ഥ. കേരളപ്പിറവിയുടെ 6 പതിറ്റാണ്ട് പിന്നിടുമ്പോഴും കയറിക്കിടക്കാൻ ഒരു കൂരപോലുമില്ലാത്തവര്‍ കേരളത്തിൻറെ സാമൂഹ്യ ബോധത്തിന് മുന്നിൽ ചോദ്യചിഹ്നമാവുകയാണ്. നിസ്സഹായരായ പട്ടിണിപ്പാവങ്ങളും ആദിവാസികളും ദളിതരും അടക്കമുള്ള ജനങ്ങൾ നടത്തുന്ന സമരങ്ങളെ അവഗണിക്കാനും തല്ലിത്തകർക്കാനുമാണ് സർക്കാർ ശ്രമം. ഒരു തുണ്ട് ഭൂമിക്കായുള്ള പാവപ്പെട്ടവന്റെ നിലവിളി അധികാരികളുടെ കാതുകളിൽ എത്തിക്കേണ്ട ഉത്തരവാദിത്തം ബിജെപി ഏറ്റെടുക്കുന്നു. കേരളത്തിൽ നടക്കുന്ന എല്ലാ ഭൂസമരങ്ങൾക്കും ഈ യോഗം പിന്തുണ പ്രഖ്യാപിക്കുന്നു. വിവിധ ഭൂസമരങ്ങളെ ഏകോപിപ്പിച്ച് രണ്ടാം ഭൂപരിഷ്കരണത്തിനായി ബിജെപി നേതൃത്വം നൽകും.
ആഗോള ഭീകരവാദത്തിന്‍റെ ചുവടു പിടിച്ച് കേരളത്തിലും മതതീവ്രവാദം ശക്തിപ്പെടുന്നതിൽ സംസ്ഥാന കൗൺസിൽ യോഗം ആശങ്ക രേഖപ്പെടുത്തുന്നു. തീവ്രവാദം വളർത്താൻ സ്കൂൾപാഠ്യപദ്ധതി, പ്രണയം ഇവ ദുരുപയോഗപ്പെടുത്തുകയാണ്. കേരളത്തിൽ നിന്ന് കാണാതായവർ ഐഎസ് താവളത്തിലെത്തിയതായി രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തിയിരിക്കുന്നു. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നു എന്ന ബിജെപിയുടെ മുന്നറിയിപ്പിനെ അവഗണിച്ചവർക്കുള്ള മറുപടിയാണ് ഈ റിപ്പോർട്ട്. തീവ്രവാദികളുടെ പിടിയിൽ അകപ്പെട്ട കോട്ടയം സ്വദേശി ഫാ ടോം ഉഴുന്നാലിനെ കണ്ടത്താൻ കേന്ദ്ര സര്‍ക്കാർ ആത്മാർത്ഥ പരിശ്രമം നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി അദ്ദേഹത്തിന്‍റെ മോചനം എത്രയും പെട്ടെന്ന് സാധ്യമാക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
വിലത്തകർച്ചയിലേക്ക് കൂപ്പുകുത്തിയ റബ്ബറിനെ പുനരുജ്ജീവിപ്പിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണ്. ഇറക്കുമതി നിയന്ത്രിച്ചതിലൂടെ റബ്ബർ വില 150 ന് അടുത്തെത്തിയിരിക്കുന്നു. നേരത്തെ നൂറുരൂപയിൽ താഴെയായ വിലയാണിത്. റബ്ബറിനെ കാർഷിക ഉത്പന്നമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ ജനദ്രോഹ നടപടികളുമായി പിണറായി വിജയൻ സർക്കാർ മുന്നോട്ട് പോകുമ്പോഴും പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ മൗനം ദുരൂഹമാണ്. കള്ളപ്പണക്കാരെ സംരക്ഷിക്കാൻ ഇടതു മുന്നണിയുടെ ആലയത്തിലേക്ക് കോൺഗ്രസിനെ നയിച്ച നേതാക്കൻമാരോട് കാലം പൊറുക്കില്ല. മുൻ സർക്കാരിന്റെ അതേ പാതയിലൂടെ നീങ്ങുന്ന പിണറായി വിജയനെ തുറന്നെതിർക്കാൻ പറ്റാത്ത ഗതികേടിലാണ് സംസ്ഥാനത്തെ കോൺഗ്രസ്. അഡ് ജെസ്റ്റ്മെന്‍റ് രാഷ്ട്രീയമെന്ന ബിജെപിയുടെ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. രാജ്യമെങ്ങും നേരിടുന്ന തകർച്ചയുടെ അതേ പാതയിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയും. ബിജെപി മുന്നോട്ട് വെക്കുന്ന ബദൽ രാഷ്ട്രീയത്തിന്റെ പ്രസക്തി ഇവിടെയാണ്. നീതി നിഷേധിക്കപ്പെടുന്ന ജനങ്ങള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്താൻ, ഇരു മുന്നണികളും ദുരിതക്കയത്തിലാക്കിയ ജനങ്ങൾക്ക് ആശ്വാസവും നേതൃത്വും നൽകാൻ കാവലാളായി ബിജെപി ഉണ്ടാകുമെന്ന് സംസ്ഥാന കൗൺസൽ യോഗം ഉറപ്പ് നൽകുന്നു. നരേന്ദ്രമോദി സർക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന രാഷ്ട്രീയത്തോടൊപ്പം നിൽക്കാൻ കേരളത്തിലെ ജനങ്ങളെ ബിജെപി ആഹ്വാനം ചെയ്യുന്നു.