കോട്ടയം: സർക്കാരിന്റെ സ്വപ്ന പദ്ധതിയായ റീബിൽഡ് കേരള പൂർണമായും നിശ്ചലമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. റീബിൽഡ് കേരളയ്ക്കായി പിരിച്ച തുകയുടെ പകുതി പോലും സർക്കാർ ചിലവഴിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രളയങ്ങളിൽ ജനങ്ങൾക്ക് ഉണ്ടായ നഷ്ടം നികത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളിൽ നിന്നും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്റെ ഉദ്ദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വീടുകൾ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂ. സർക്കാർ സംവിധാനങ്ങൾ എവിടെയും കാണുന്നില്ല. മരണപ്പെട്ടവരെ പോലെ വീടുകൾ നശിച്ചവരെയും സഹായിക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. എല്ലാവർക്കും ഉടൻ അടിയന്തര നഷ്ടപരിഹാരം നൽകണം. പ്രളയകാലത്ത് കേന്ദ്രസർക്കാരും ജനങ്ങളും കയ്യയച്ച് സഹായിച്ചിട്ടും സംസ്ഥാനത്തിന്റെ അലംഭാവം കാരണമാണ് ദുരിതബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കാതായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.