തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മാർപ്പാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെയ്ക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കർദ്ദിനാൾ മാർ ക്ലിമിസിനെ സന്ദർശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ്പ് ഹൗസിലെത്തിയാണ് അദ്ദേഹം കർദ്ദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഭരണാധികാരിയും ലോകസംസ്ക്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനമായ ഭാരതസംസ്ക്കാരത്തിന്റെ പ്രതിനിധിയുമായ നരേന്ദ്രമോദി ക്രൈസ്തവസമൂഹത്തിന്റെ നേതൃസ്ഥാനത്തിരിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കർദ്ദിനാൾ മാർ ക്ലിമിസ് പറഞ്ഞു. ധർമ്മസംസ്ഥാപനത്തിനായി

ലോകത്തിന് നേതൃത്വം നൽകുന്ന രാഷ്ട്രത്തിന്റെ ഭരണാധികാരി ലോകസമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ലോകരാഷ്ട്രങ്ങൾക്കും നമ്മുടെ രാജ്യത്തിനും ഏറെ ​ഗുണകരമാണ്. ഇന്ത്യയിലെ ക്രൈസ്തവസമൂഹത്തിനും വിശിഷ്യ കേരളത്തിലെ ക്രൈസ്തവർക്കും പൊതുസമൂഹത്തിനും ഈ സന്ദർശനത്തിൽ ഏറെ പ്രതീക്ഷയാണുള്ളത്. നല്ല മനസുള്ള എല്ലാവർക്കും നല്ല ചിന്തകൾ നൽകുന്ന കൂടിക്കാഴ്ചയാണ് ഇത്. അതിന്റെ ​ഗുണം വരുംദിവസങ്ങളിൽ എല്ലാവർക്കും വരട്ടേയെന്ന് പ്രാർത്ഥിക്കുന്നു. ഈ സന്ദർഭത്തിൽ ഇവിടെയെത്തി സന്തോഷം പങ്കുവെക്കാൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും മാർ ക്ലിമിസ് പറഞ്ഞു.

പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിച്ചത് ലോകം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവനുള്ള വിശ്വാസികൾക്കും പ്രത്യേകിച്ച് കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്ക് ഇത് ഏറെ സന്തോഷകരമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം വിശ്വാസി സമൂഹത്തിന് കൂടുതൽ ഐക്യവും ആത്മവിശ്വാസവും നൽകും. ഈ സന്ദർശനം കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.