ആരോഗ്യ മന്ത്രി കെ.കെ ഷൈലജ ടീച്ചറുടെ മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റിന്റെ പേരിലുള്ള അഴിമതി കേസിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ വിജിലൻസിന് മൊഴി നൽകി. പൂജപ്പുര വിജിലൻസ് എസ്‌പി മുൻപാകെയാണ് കെ.സുരേന്ദ്രൻ മൊഴി നൽകിയത്.

ഇതോടൊപ്പം ആസ്പത്രിയിൽ കിടത്തി ചികിൽസ നടത്താതെ പണം കൈപ്പറ്റിയ രേഖകളുo, ഭർത്താവ് ആശ്രിതൻ എന്നത് വ്യാജമാണെന്നും, മന്ത്രിയുടെ ഭർത്താവിന്റെ പെൻഷൻ തുക മറച്ച് വച്ച് നൽകിയ സത്യവാങ്ങ്മൂലം തെറ്റാണെന്ന് തെളിയിക്കുന്ന രേഖകളും, ഇല്ലാത്ത ഹോസ്പിറ്റലിന്റെ പേരിൽ പണം കൈപ്പറ്റിയതിന്റെ രേഖകളുo അദ്ദേഹം വിജിലൻസിന് സമർപ്പിച്ചു.
കണ്ണടയും ഭക്ഷ്യപദാർത്ഥങ്ങളും പൊതുപണം ഉപയോഗിച്ച് വാങ്ങിച്ചതുമൂലം മന്ത്രിയും ഉദ്യേഗസ്ഥൻമാരും ചേർന്ന് പൊതുഖജനാവിന് ബോധപുർവ്വം നഷ്ടം വരുത്തി എന്നും രേഖാമൂലം വിജിലൻസിന് മുന്നിൽ അദ്ദേഹം മൊഴി നൽകി. വിജിലൻസിൽ വിശ്വാസമില്ലന്നും, അന്വേഷണം വേണ്ട രീതിയിൽ പോകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നുo കെ.സുരേന്ദ്രൻ പറഞ്ഞു.