എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമുള്ള ധനസഹായം സര്‍ക്കാര്‍ നല്കാത്തത് കടുത്ത അനീതിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്‍.
വികാസ് യാത്രയുടെ ഭാഗമായി ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതരുടെ പട്ടികയുണ്ടാക്കുന്നതില്‍ പോലും സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നത് ഏറെ അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‌കേണ്ട ധനസഹായം ഇതുവരെ പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ല. സുപ്രീം കോടതിയടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും ദുരിത ബാധിതരോട് സര്‍ക്കാര്‍ ക്രൂരത കാട്ടുകയാണ്. വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയെന്നവകാശപ്പെടുന്ന ഡി വൈ എഫ് ഐ യും ഇപ്പോള്‍ മൗനത്തിലാണ്.

വികാസ് യാത്രയുടെ ഭാഗമായി ജില്ലയിലെത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന് ജില്ലാ നേതൃത്വം ഉജ്ജ്വല വരവേല്‍പാണ് ഒരുക്കിയത്.