തിരുവനന്തപുരം: ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് 100 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. 100 കോടി വാക്സിൻ ഡോസ് നൽകാൻ പ്രയത്നിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ആറ്റുകാൽ ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യസംഘടന ഇന്ത്യയെ അഭിനന്ദിച്ച് രംഗത്ത് വന്നത് രാജ്യത്തെ ഓരോ പൗരനും അഭിമാനാർഹമാണ്. ശക്തമായ ഒരു ഭരണകൂടം രാജ്യത്തുള്ളതു കൊണ്ടാണ് ഇച്ഛാശക്തിയുള്ള ഇത്തരമൊരു നേട്ടം നമുക്കുണ്ടായത്. പല രാജ്യങ്ങളും കൊവിഡിന് മുന്നിൽ പതറിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിൽ നിന്നും നയിച്ചതാണ് ഇന്ത്യയുടെ നേട്ടതിന് കാരണമായത്. രാജ്യത്തെ ആരോഗ്യപ്രവർത്തകരും സംസ്ഥാന സർക്കാരുകളും സേനകളും സന്നദ്ധസംഘടനകളും കേന്ദ്രസർക്കാരിന് മികച്ച പിന്തുണ നൽകി. ഒമ്പത് മാസം കൊണ്ട് രാജ്യത്തിന് 100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യാൻ സാധിച്ചത് ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമായാണന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതി: സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടു
മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ ദുരന്തമേഖലയിൽ പോയോ എന്ന് തനിക്കറിയില്ലെന്നും താൻ കോട്ടയത്തെയും പത്തനംത്തിട്ടയിലേയും ദുരന്തമേഖലയിൽ സന്ദർശനം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒന്നും ദുരന്ത മേഖലയിൽ കാണാനില്ല. സേവാഭാരതി പ്രവർത്തകരും മറ്റു സന്നദ്ധസംഘടനാ പ്രവർത്തകരുമാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത്. മന്ത്രിമാർ സന്ദർശനം നടത്തി തിരിച്ചുപോവുകയല്ലാതെ പണം ഇതുവരെ ചിലവഴിക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളോ എംഎൽഎമാരോ തിരിഞ്ഞു നോക്കാത്ത ക്യാമ്പുകളുണ്ട്. നാലേമുക്കാൽ കോടി രൂപ സർക്കാർ അനുവദിച്ചിട്ടും ഒരു തുക പോലും ചിലവഴിച്ചിട്ടില്ല. പ്രളയക്കെടുതി അനുഭിക്കുന്ന നാലു ജില്ലകളിലേക്കും ബിജെപി പ്രവർത്തകർ അവശ്യസാധനങ്ങൾ എത്തിക്കും. കേന്ദ്രം നൽകിയ 3000ൽ അധികം കോടിയുടെ കണക്ക് എവിടെ? പ്രളയസെസ് പിരിച്ച പണം എവിടെ ചിലവഴിച്ചു. 10,000 കോടി രൂപ പിരിച്ചിട്ടും ആർക്കെങ്കിലും നഷ്ടപരിഹാര തുക നൽകിയോ? ഇതിനൊന്നും മറുപടി പറയാത്ത വിജയരാഘവൻ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയതു കൊണ്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.