തിരുവനന്തപുരം: പ്രളയദുരിതത്തിൽപെട്ട എല്ലാവർക്കും സർക്കാർ ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മരണപ്പെട്ടവർക്ക് മാത്രമല്ല വീടും സ്ഥലവും നഷ്ടമായവർക്കും ധനസഹായം നൽകണമെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഉടുതുണി പോലും മാറാൻ ഇല്ലാതെ സർവ്വസ്വവും നഷ്ടമായവർക്ക് അടിയന്തര സഹായം എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 16ന് ഉച്ചയ്ക്ക് വെള്ളപ്പൊക്കമുണ്ടായിട്ട് ഫയർഫോഴ്സ് എത്തുന്നത് വൈകീട്ട് 6 മണിക്കാണ്. വെളിച്ചകുറവിന്റെ പേരിൽ രക്ഷാപ്രവർത്തനം അധികം താമസിക്കാതെ നിർത്തിവെക്കുകയും ചെയ്തു. കോട്ടയം ജില്ലയിലൊക്കെ സൈന്യം ഇറങ്ങിയ ശേഷം മാത്രമാണ് രക്ഷാപ്രവർത്തനത്തിന് വേഗം വന്നത്. ഇടുക്കിയിലും വൈകുന്നേരം വരെ സർക്കാർ സംവിധാനങ്ങളൊക്കെ നിർജ്ജീവമായിരുന്നെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വൈകുന്നേരത്തോടെ ദുരിതത്തിൽ അകപ്പെട്ടവരെ വാർഡ് മെമ്പർമാർ ക്യാമ്പുകളിൽ എത്തിച്ചെങ്കിലും പലയിടത്തും ഭക്ഷണവും വെളിച്ചവും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇടുക്കിയിലെ പല ക്യാമ്പുകളിലും ഇപ്പോഴും ഭക്ഷണമില്ലാത്ത സാഹചര്യമുണ്ട്. ക്യാമ്പുകളിലേക്ക് സന്നദ്ധസംഘടനാ പ്രവർത്തകർക്ക് എത്തിപ്പെടാൻ സർക്കാർ സൗകര്യം ഒരുക്കണം. നദിക്കരയിലും മലമുകളിലും വീട് വെക്കുന്നവർ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പു വരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.