ശബരിമല വിഷയത്തിൽ സമരം ബിജെപി കൂടുതൽ ശക്തമാക്കും. ഇത് സംബന്ധിച്ച് ഡിസംബർ 17 വരെയുള്ള സമരപരിപാടികൾക്ക് കൊച്ചിയിൽ ചേർന്ന പാർട്ടി അടിയന്തിര കോർ കമ്മിറ്റി യോഗം രൂപം നൽകി.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പിന്‍വലിക്കുക, അയ്യപ്പഭക്തന്മാര്‍ക്കെതിരെയുള്ള കള്ള കേസുകള്‍ പിന്‍വലിക്കുക, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെയുള്ള കള്ള കേസുകള്‍ എടുത്ത പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ശബരിമലയില്‍ അയ്യപ്പഭക്തന്മാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്‌ണൻ സെക്രട്ടേറിട്ടയറ്റിനു മുന്നിൽ ഡിസംബർ മൂന്നാം തീയതി മുതൽ നിരാഹാര സത്യാഗ്രഹം ആരംഭിക്കും.

ശബരിമല കർമ്മ സമിതിക്ക് നൽകുന്ന പിന്തുണ തുടരും. ശബരിമല സമര പരിപാടികളിൽ നിന്നും ബിജെപി പിന്നോട്ട് പോകുന്ന എന്ന വാർത്ത വാസ്തവ വിരുദ്ധമാണ്.

ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നിയോഗിച്ച പ്രത്യേക സംഘം ഡിസംബർ 2,3 തീയതികളിൽ കേരളം സന്ദർശിക്കും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സരോജ പാണ്ഡെയുടെ നേതൃത്വത്തിലുള്ള 4 അംഗ എംപിമാരുടെ സംഘം ശബരിമല കർമ്മ സമിതി, ബിജെപി കോർ ടീം, പന്തളം കൊട്ടാരം, തന്ത്രി കുടുംബം തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങിയവരെ എറണാകുളത്തുവച്ച് സംഘം കാണും. ഗവർണറെ സന്ദർശിക്കാനുള്ള പദ്ധതിയും സംഘം തയ്യാറാക്കും. ശബരിമലയിലെ നിയന്ത്രണങ്ങൾ, നാമം ജപിച്ചവർക്കെതിരായ കേസ് തുടങ്ങിയ കാര്യങ്ങളിൽ അമിത് ഷായ്ക്ക് വിശദമായ റിപ്പോർട്ട് സംഘം നൽകും.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെതിരെയുള്ളത് കള്ളക്കേസുകളാണ്. ഇനി ഒരു കേസിൽ കൂടി മാത്രമേ സുരേന്ദ്രന് ജാമ്യം ലഭിക്കാനുള്ളൂ. അത് അടുത്ത ദിവസം തന്നെ ലഭിക്കും. സുരേന്ദ്രൻ പുറത്തിറങ്ങിയാലുടൻ കള്ളക്കേസുകൾ സംബന്ധിച്ച് നിയമനടപടി സ്വീകരിക്കും.

ബിജെപി കണ്ണൂർ ജില്ലാ അദ്ധ്യക്ഷന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ച് ഹൈക്കോടതിയെ അടക്കം തെറ്റിദ്ധരിപ്പിച്ച സിപിഎമ്മിനെതിരെ ബിജെപി നിയമ നടപടി സ്വീകരിക്കും. ഈ വ്യാജ സർക്കുലർ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയാണ്.

സന്നിധാനത്തും പമ്പയിലും ബിജെപി സമരം ചെയ്യുന്നില്ല. സന്നിധാനത്തെയും പമ്പയിലെയും പരിപാടികൾ ഭക്തന്മാരുമായി ആലോചിച്ച് ശബരിമല കർമ്മ സമിതിയാണ് തീരുമാനിക്കുന്നത്. വിശ്വാസത്തെ തകർക്കുന്ന സർക്കാർ നടപടിക്കെതിരെ വിട്ടു വീഴ്ച ഇല്ലാതെ ബിജെപി പോരാടും.

പിസി ജോർജിന്റെ മുന്നണി പ്രവേശനം സംബന്ധിച്ചുള്ള കാര്യങ്ങൾ എൻഡിഎ ചർച്ച ചെയ്ത് തീരുമാനിക്കും. പിസി ജോർജുമായി സംസ്ഥാന അധ്യക്ഷൻ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ സഭയിൽ ബിജെപിയും പിസി ജോർജും സഹകരിച്ച് പ്രവർത്തിക്കും