തിരുവനന്തപുരം: അപകീർത്തികരമായ വാർത്ത പ്രക്ഷേപണം ചെയ്തതിന് കൈരളി ചാനലിനും സിപിഎം നേതാവ് സുധീഷ് മിന്നിക്കുമെതിരെ ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് അയച്ചു. പ്രമുഖ അഭിഭാഷകൻ അഡ്വ പി എസ് ശ്രീധരൻപിള്ള മുഖാന്തിരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 ജൂലൈ 23ന് കൈരളി പീപ്പിൾ ടിവിയിൽ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് പരാതിക്ക് ആധാരം. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച സുധീഷ് മിന്നിക്കോ ചാനലിനോ അതുമായി ബന്ധപ്പെട്ട് ഒരു തെളിവും ഹാജരാക്കാൻ നാളിതുവരെ കഴിഞ്ഞില്ല. ചാനല്‍ വാർത്ത കഴിഞ്ഞ 25 വർഷത്തെ തന്‍റെ സുതാര്യ പൊതു ജീവിതത്തിന് കളങ്കം ഉണ്ടാക്കിയതായി കൃഷ്ണദാസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.

നോട്ടീസ് കിട്ടി 24 മണിക്കൂറിനുള്ളിൽ സുധീഷ് മിന്നിയുടെ ആരോപണങ്ങൾ പിൻവലിച്ച് ചാനലും സുധീഷ് മിന്നിയും മാപ്പു പറയണം. അക്കാര്യം ചാനലിലൂടെ പ്രക്ഷേപണം ചെയ്യുകയും വേണം. ഇല്ലെങ്കിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കൃഷ്ണദാസിന്‍റെ ആവശ്യം. ഇതുകൂടാതെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.