കേരളത്തിന്റെ പൊതുഖജനാവില്‍നിന്നും സ്വന്തം കുടുംബത്തിനുവേണ്ടി തിരിമറിനടത്തി പണം കൈപ്പറ്റിയെ ആരോഗ്യവകുപ്പ്മന്ത്രിയെ മന്ത്രിസഭയില്‍നിന്നും പുറത്താക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. ആര്‍.എസ്.രാജീവ് ആവശ്യപ്പെട്ടു. അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ആരോഗ്യവകുപ്പ്മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ സെക്രട്ടറിറേറ്റ് മാര്‍ച്ച് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഭര്‍ത്താവിന്റെ പെന്‍ഷന്‍ മറച്ചുവെച്ച് പണം സ്വയം എഴുതിയെടുക്കുകവഴി ഖജനാവ് സ്വന്തം അക്കൗണ്ടാക്കി മാറ്റുകയാണ് ചെയ്തിരിക്കുന്നത്. ഇന്നലവരെ കുറഞ്ഞചെലവില്‍ കണ്ണട ഉപയോഗിച്ചുകൊണ്ടിരുന്ന മന്ത്രി ഇപ്പോള്‍ ഇരുപത്തെണ്ണായിരം രൂപ വിലവരുന്ന ഗ്ലാസ് ഉപയോഗിക്കുകവഴി പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുകയാണ് ചെയ്തത്. ഇത്തരത്തില്‍ അഴിമതിയും, സ്വജനപക്ഷപാതവും, ധൂര്‍ത്തും നടത്തുന്ന മന്ത്രിയ്ക്ക് അധികാരത്തില്‍ തുടരുവാന്‍ ധാര്‍മ്മികാവകാശമില്ലെന്നും അഭിപ്രായപ്പെട്ടു.

മാര്‍ച്ചിന് നേരെ പോലീസ് നിരവധിതവണ ജനലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിപ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ജെ.ആര്‍.അനുരാജ്, യുവമോര്‍ച്ച നെടുമങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് രതീഷ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ ആര്‍.എസ്.സമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. രഞ്ജിത്ത്ചന്ദ്രന്‍, സംസ്ഥാന സമിതിയംഗം മണവാരി രതീഷ്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ സി.എസ്.ചന്ദ്രകിരണ്‍, പൂങ്കുളം സതീശന്‍ എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ നേതാക്കളായ അഖില്‍,പ്രശാന്ത്,ശ്രീരാഗ്, സിജുമോന്‍, അഭിലാഷ്, അനന്തു, വീണ എന്നിവര്‍ നേതൃത്വം നല്‍കി.