ജനജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും കരുതലും സുരക്ഷയും ഉറപ്പ് വരുത്തിയ നരേന്ദ്രമോദി സർക്കാരിന്‍റെ മൂന്ന് വർഷവും സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു ദുരന്തമായി മാറിയ പിണറായി സർക്കാരിന്‍റെ ഒരു വർഷവും വിലയിരുത്താൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം കൈവന്നിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പാവപ്പെട്ടവന്‍റെ സ്വപ്നങ്ങൾക്ക് സാക്ഷാത്കാരത്തിന്‍റെ നിറം ചാർത്തുന്ന സർക്കാരായി നരേന്ദ്രമോദി നയിക്കുന്ന ബിജെപി സർക്കാർ മാറിയിരിക്കുന്നു. സദ്ഭരണം എന്നത് ഇന്ന് ജനങ്ങൾക്ക് അനുഭവവേദ്യമായിരിക്കുന്നു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സർക്കാർ എന്ന് രാജ്യാന്തര തലത്തിൽ തന്നെ അംഗീകാരം കിട്ടിയിരിക്കുന്നു. പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നൽകിയതിലൂടെ സർക്കാരിന്‍റെ പിന്നാക്കാഭിമുഖ്യമാണ് വെളിവായത്. അധികാരത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കും അരികുകളിലേക്കും മാറ്റി നിർത്തപ്പെട്ട പിന്നാക്ക ദുർബല ജന വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തണമെന്ന ബി ആർ അംബേദ്കർ ഉൾപ്പടെയുള്ള ഭരണഘടനാ ശിൽപ്പികളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടേയും സ്വപ്നമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്.

രാഷ്ട്രീയത്തിന് അതീതമായ വികസനം എന്ന മോദി സർക്കാരിന്‍റെ നിലപാടിന്‍റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കേരളമാണ്. എന്നാൽ കള്ളവും അപവാദവും പ്രചരിപ്പിച്ച് സംസ്ഥാനത്തെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയാക്കി മാറ്റാനാണ് ഭരണ – പ്രതിപക്ഷ മുന്നണികൾ ശ്രമിക്കുന്നത്. കേന്ദ്രസർക്കാരിനെതിരെ ക്രിയാത്മകമായ വിമർശം ഉയർത്താൻ സാധിക്കാത്തതാണ് ഈ അപവാദ പ്രചരണത്തിന് കാരണമെന്ന് സംസ്ഥാന സമിതി വിലയിരുത്തുന്നു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ്.

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തെ രാഷ്ട്രീയ വിജയമായി കണക്കാക്കാനാവില്ലെന്ന് യോഗം വിലയിരുത്തുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണത്തെ വിലയിരുത്താനും അടിസ്ഥാന ജീവൽ പ്രശ്നങ്ങൾ ചർച്ചയാക്കാനുമുള്ള സുവർണ്ണാവസരമായിരുന്നു മലപ്പുറം ഉപതെരഞ്ഞെടുപ്പ്. ഇത് ചർച്ചയാക്കാൻ ദേശീയ ജനാധിപത്യ സഖ്യം ശ്രമിച്ചുവെങ്കിലും അതിൽ നിന്ന് ഒളിച്ചോടാനാണ് ഇരു മുന്നണികളും ശ്രമിച്ചത്. മുസ്ലീം ജനവിഭാഗങ്ങളിൽ അനാവശ്യ ഭീതി സൃഷ്ടിച്ച് മോദി വിരുദ്ധത മാത്രം ചർച്ചയാക്കാനാണ് മുന്നണികൾ ശ്രമിച്ചത്. എസ് ഡി പി ഐ, പി ഡി പി, വെൽഫെയർ പാർട്ടി തുടങ്ങിയ മതഭീകരവാദ പ്രസ്ഥാനങ്ങളുടെ വിലപേശലിന് മുന്നിൽ രാഷ്ട്രീയം മറന്ന മുന്നണികൾ വർഗ്ഗീയ പ്രചരണത്തിൽ അഭയം കണ്ടെത്തുകയായിരുന്നു.

മുസ്ലീം ജനവിഭാഗങ്ങൾക്ക് ആധിപത്യമുള്ള ഒരു മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചത് സ്വാഭാവികം മാത്രമാണ്. മുസ്ലീം ലീഗിന്‍റെ അപ്രമാദിത്വത്തെ മറികടക്കാൻ തീവ്രവാദികളേപ്പോലും കൂട്ടുപിടിക്കാനാണ് സിപിഎം ശ്രമിച്ചത്. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ടുകൾ സിപിഎമ്മിന് സമാഹരിക്കാനായത് മതതീവ്രവാദികളുടെ സഹായം കൊണ്ടാണ്. മതരാഷ്ട്രീയത്തിന്‍റെ പരീക്ഷണ ശാലയാക്കി മലപ്പുറത്തെ മാറ്റിയ മുസ്ലീം ലീഗിന്‍റെ പാത തന്നെയാണ് സിപിഎമ്മും പിന്തുടരുന്നത്. ഇത് തീക്കളിയാണ്. എസ് ഡി പി ഐ, വെൽഫെയർ പാർട്ടി, പി ഡി പി തുടങ്ങിയവരുമായി ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാക്കിയ ചങ്ങാത്തമാണ് ഇടത് മുന്നണിയുടെ വോട്ട് വർദ്ധനയ്ക്ക് കാരണം. എന്നിട്ടും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാളും 30,000 ത്തോളം വോട്ടുകൾ ഇടതു മുന്നണിക്ക് കുറയുകയും ചെയ്തു. അങ്ങനെ നോക്കുമ്പോൾ സംസ്ഥാന ഭരണത്തിന്‍റെ വിലയിരുത്തൽ എന്ന നിലയിൽ ഇടതു മുന്നണിക്ക് ജനപിന്തുണ കുറയുകയാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് സിപിഎം നീതി പുലർത്തണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.

നഗ്നമായ വർഗ്ഗീയ ചേരിതിരിവിന് സാക്ഷ്യം വഹിച്ച തെരഞ്ഞെടുപ്പിൽ വികസന രാഷ്ട്രീയം മാത്രം പറഞ്ഞ ഭാരതീയ ജനതാ പാർട്ടിക്ക് വൻ മുന്നേറ്റം ഉണ്ടാക്കാനായില്ല എന്ന വിമർശം യോഗം ഉൾക്കൊള്ളുന്നു. പുതിയ വോട്ടുകൾ കുറച്ച് മാത്രമേ സമാഹരിക്കാനായുള്ളൂ എന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾ തന്നെ പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ ഭദ്രമാണെന്നത് ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. ഇടത് വലത് മുന്നണികള്‍ അധികാരവും പണവും ഉപയോഗിച്ച് നടത്തിയ പ്രചാരണ കോലാഹലങ്ങളെയും അതിജീവിച്ച് മികച്ച പ്രകടനം നടത്താൻ പാർട്ടിയെ സഹായിച്ച എല്ലാ ജനാധിപത്യ വിശ്വാസികളേയും പ്രവർത്തകരേയും സംസ്ഥാന സമിതി അഭിനന്ദിക്കുന്നു.

എല്ലാം ശരിയാക്കാം എന്ന വാഗ്ദാനവുമായി അധികാരത്തിലെത്തിയ പിണറായി വിജയൻ സർക്കാർ എല്ലാവരേയും ശരിപ്പെടുത്തുന്ന സർക്കാരായി മാറി. എല്ലാ രംഗത്തും വീഴ്ചകൾ മാത്രം സംഭവിക്കുന്ന ഒരു സർക്കാർ കേരളത്തിന്‍റെ ചരിത്രത്തിൽ നാളിതുവരെ ഉണ്ടായിട്ടില്ല. വീഴ്ച പറ്റി എന്നത് പിണറായി സർക്കാരിന്‍റെ ടാഗ് ലൈനായി മാറി. സമസ്ത രംഗങ്ങളിലും ഭരണ പരാജയം എന്നത് യാഥാർത്ഥ്യമാണെങ്കിലും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പൊതുഭരണം, ആഭ്യന്തരം, വിജിലൻസ് എന്നീ വകുപ്പുകൾ‍ കെടുകാര്യസ്ഥതയുടേയും പിടിപ്പു കേടിന്‍റേയും കൂത്തരങ്ങായി മാറി. സമരത്തിൽ നൂറു ശതമാനം കഴിവ് തെളിയിച്ച ഇടതു പക്ഷം ഭരണത്തിൽ നൂറു ശതമാനം പരാജയമാണെന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെളിയിച്ചു. എത്ര ഉപദേശകരെ നിയമിച്ചാലും ആർക്കും രക്ഷപ്പെടുത്താനാകാത്ത വിധം പിണറായി ഭരണം കെടുകാര്യസ്ഥതയിലേക്ക് കൂപ്പു കുത്തിയതായി സംസ്ഥാന സമിതി വിലയിരുത്തുന്നു.

സർക്കാരിന്‍റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ പൊലീസിനെയും കോടതികളേയും ഉപയോഗപ്പെടുത്തുന്ന ഭരണകൂടം എന്നത് വർത്തമാനകാല
യാഥാർത്ഥ്യമായിരിക്കുന്നു. അടിയന്തരാവസ്ഥയെ പോലും നാണിപ്പിക്കുന്ന സംഭവ വികാസങ്ങളാണ് സമീപകാലത്ത് കേരളത്തിൽ നടന്നത്. അടിയന്തരാവസ്ഥക്കാലത്ത് മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്ക് നീതിക്ക് വേണ്ടി തെരുവിലലയേണ്ടി വന്നതു പോലെ പിണറായി വിജയൻ ഭരണത്തിലും അമ്മമാർക്ക് ഇതേ ഗതിയാണ് ഉണ്ടാവുന്നത്. ഇടത് വലത് മുന്നണികളുടെ പിന്തിരിപ്പൻ സ്വാശ്രയ നയത്തിന്‍റെ രക്തസാക്ഷിയായ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് ഉണ്ടായ ദുരവസ്ഥ മാത്രം മതി പിണറായി ഭരണത്തെ വിലയിരുത്താൻ. മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടണമെന്ന ആവശ്യമായി തിരുവനന്തപുരത്തെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തത് കേരളം ഞെട്ടലോടെയാണ് കണ്ടത്. ആ ധർമ്മ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എത്തിയ പൊതു പ്രവർത്തകരെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച നടപടി പിണറായി സർക്കാരിന്‍റെ ഫാസിസ്റ്റ് മുഖം വെളിവാക്കി. ഇരകൾക്ക് വേണ്ടി വാദിക്കാൻ സമൂഹത്തിലെ മറ്റൊരാൾക്കും ബാധ്യതയില്ലെന്ന ഫാസിസ്റ്റ് രീതി അടിയന്തരാവസ്ഥയുടെ കറുത്ത നാളുകളിൽ പോലും രാജ്യത്തിന് പരിചയമില്ലാത്തതായിരുന്നു. വിമർശനമുന്നയിക്കുന്നവരെല്ലാം ഗൂഡാലോചനക്കാരാണെന്ന സർക്കാർ വാദം അവരെ ഗൂഡാലോചനാ സിൻഡ്രോം ബാധിച്ചുവെന്നതിന്റെ തെളിവാണ്.

പൊലീസ് നടപ്പാക്കിയത് ഇടതു മുന്നണിയുടെ നയം തന്നെയായിരുന്നു എന്ന പ്രഖ്യാപനവും എന്ത് നേടാനായിരുന്നു സമരം എന്ന മുഖ്യമന്ത്രിയുടെ ചോദ്യവും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടേത് മുതലാളിമാരുടെ ഭാഷയാണെന്ന സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഇതൊടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്. ജിഷ്ണുവിന്‍റെ മരണത്തിന് കാരണക്കാരെന്ന് വീട്ടുകാർ പറയുന്ന കോളേജ് ഉടമയ്ക്കും അദ്ധ്യാപകർക്കുമെതിരെ നിസാര വകുപ്പുകൾ ചേർത്ത് കേസെടുത്ത് അവരെ രക്ഷപ്പെടാൻ സഹായിച്ച ശേഷം ജിഷ്ണുവിന് നീതി നൽകും എന്ന് വാഗ്ദാനം ചെയ്യുന്നത് വഞ്ചനയാണ്. മഹിജയ്ക്കൊപ്പം കൂട്ടുവന്നു എന്ന കുറ്റത്തിന് സിപിഎം അംഗവും ദേശാഭിമാനി ജീവനക്കാരനുമായ ശ്രീജിത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതും ഇതേ പാർട്ടിയാണ്. ഇതോടെ ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ഇരയ്ക്കും വേട്ടക്കാരനും ഒപ്പം ഓടുന്ന നയമാണ് സിപിഎമ്മിനും സർക്കാരിനുമുള്ളതെന്ന് തെളിഞ്ഞിരിക്കുന്നു.

ഇതേ സമീപനമാണ് ഇടുക്കി ജില്ലയിലെ കയ്യേറ്റത്തെ സംബന്ധിച്ചും സിപിഎമ്മിനുള്ളത്. കയ്യേറ്റം ഒഴിപ്പിക്കൽ ഇടതു മുന്നണി നയമാണെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെയാണ് അതിന് തയ്യാറാകുന്ന ഉദ്യോഗസ്ഥരെ ശാരീരികമായി ഇല്ലാതാക്കാൻ പ്രാദേശിക പാര്‍ട്ടി നേതൃത്വം തയ്യാറാകുന്നതും. ദേവികുളം സബ് കളക്ടറെ നാലുകാലിൽ നടത്തിക്കും എന്ന് ഭീഷണി മുഴക്കിയത് സ്ഥലം എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനാണ്. ഇതിനൊക്കെ കൂട്ടു നിൽക്കുന്നതാകട്ടെ പിണറായി വിജയന്‍റെ ഇഷ്ടക്കാരനായ മന്ത്രി എംഎം മണിയും. കയ്യേറ്റം ഒഴിപ്പിക്കാൻ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് തയ്യാറാകുമ്പോൾ അതിന് വേണ്ട സഹായം ചെയ്യാൻ സിപിഎം ഭരിക്കുന്ന ആഭ്യന്തര വകുപ്പ് തയ്യാറാകാത്തത് ദുരൂഹമാണ്. ഇടുക്കി ജില്ലയിലെ കയ്യേറ്റം പുറത്തു കൊണ്ടു വരുന്ന റവന്യൂ ഉദ്യോഗസ്ഥർക്കും മാധ്യമ പ്രവർത്തകർക്കും സംരക്ഷണം നൽകാൻ തയ്യാറാകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെടുന്നു. ജീവൻ പണയം വെച്ചാണ് ഈ രണ്ടു കൂട്ടരും അവിടെ പ്രവർത്തിക്കുന്നത്. അവരെ സംരക്ഷിക്കാനുള്ള ബാധ്യത പൊതു സമൂഹത്തിനുണ്ട്.

മൂന്നാറിലും പരിസര പ്രദേശത്തും കയ്യേറിയിരിക്കുന്ന ഭൂമി വിട്ടു നൽകാൻ ഇടത് വലത് നേതാക്കൾ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെടുന്നു. ഇടതു നേതാക്കളായ എംഎം മണി, എസ് രാജേന്ദ്രൻ എംഎൽഎ, ജോയ്സ് ജോർജ്ജ് എംപി, കോൺഗ്രസ് നേതാവ് എ കെ മണി എന്നിവർ അടങ്ങുന്ന നാൽവർ സംഘമാണ് കയ്യേറ്റ മാഫിയക്ക് എല്ലാ സഹായവും ചെയ്ത് നൽകുന്നത്. കേറിക്കിടക്കാൻ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ മൂന്നാറിലും പരിസര പ്രദേശത്തും കുടിയേറി താമസിക്കുന്ന പാവപ്പെട്ടവർക്ക് പട്ടയം നൽകാൻ സർക്കാർ തയ്യാറാകണം. ഇടുക്കി ജില്ലയിൽ മാത്രം 5000 ൽ അധികം ഭൂരഹിതർ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരെ അണിനിരത്തി കുടിയേറ്റക്കാർക്ക് കിടപ്പാടവും കയ്യേറ്റക്കാർക്ക് കയ്യാമവും ഉറപ്പ് വരുത്താൻ ആവശ്യമായ മൂന്നാർ സംരക്ഷണ പ്രസ്ഥാനത്തിന് ബിജെപി നേതൃത്വം നൽകും.ഇതിന് പ്രകൃതി സ്നേഹികളായ എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സംസ്ഥാന സമിതി പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു.

പിണറായി വിജയൻ അധികാരമേറ്റതിന് ശേഷം കേരളം ക്രിമിനലുകളുടെ താവളമായി മാറിയെന്നത് വെറും രാഷ്ട്രീയ പ്രസ്താവനയല്ലെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ തെളിയിക്കുന്നു. 8 മാസം കൊണ്ട് 1.75 ലക്ഷം ക്രിമിനൽ കേസുകളാണ് ഉണ്ടായിരിക്കുന്നത്. 20 രാഷ്ട്രീയ എതിരാളികളെയാണ് ഇക്കാലയളവിൽ സിപിഎം കൊന്നു തള്ളിയത്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ 8 മാസത്തിനിടയിൽ 3200 എണ്ണമായി. 1100 സ്ത്രീ പീഡനക്കേസുകള്‍ പിണറായിയുടെ ഭരണത്തിൻ കീഴിൽ ഉണ്ടായി. സ്ത്രീപീഡനത്തിൽ മാത്രം 300 കേസുകളുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ 630 എണ്ണത്തിലും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് ഇരകൾ എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ദളിത് പീഡനക്കേസുകളുടെ എണ്ണം 7200 ആണ്. കുട്ടികൾക്കെതിരായ അതിക്രമക്കേസുകളുടെ എണ്ണം 630 ആയി. സ്ത്രീകളും കുട്ടികളും ദളിതരും പിണറായി ഭരണത്തിൽ സുരക്ഷിതരല്ലെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. 5 വർഷത്തേക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന വീമ്പിളക്കിയ പിണറായി സർക്കാർ മലയാളികൾക്ക് വിഷുക്കൈനീട്ടമായി നൽകിയത് വൈദ്യുതി ചാർജ്ജ് വർദ്ധനയാണ്. ഈ വർദ്ധനവ് പിൻവലിക്കണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെടുന്നു. സൗജന്യ നിരക്കിൽ വൈദ്യുതി നൽകാമെന്ന കേന്ദ്ര സർക്കാർ വാഗ്ദാനം സ്വീകരിക്കാൻ തയ്യാറാകാതെയാണ് ഈ ജനദ്രോഹ നടപടിയെന്നത് ഗൗരവതരമാണ്.

കേന്ദ്രസർക്കാർ നടപ്പാക്കിയ ജനോപകാരപ്രദമായ പദ്ധതികൾ മോദി വിരോധത്തിന്‍റെ പേരിൽ പിണറായി സർക്കാർ അട്ടിമറിക്കുകയാണ്. ഇത് പാവങ്ങളോടുള്ള വെല്ലുവിളിയാണ്. അമൃത് പദ്ധതി, സൗജന്യ ഭവന നിർമ്മാണ പദ്ധതി, മുദ്രാ വായ്പ എന്നിവയുടെ പ്രയോജനം സാധാരണക്കാർക്ക് കിട്ടാതിരിക്കാൻ സർക്കാർ ഗൂഡാലോചന നടത്തുകയാണ്. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി, സ്വച്ച് ഭാരത് ഇവയ്ക്കുള്ള സംസ്ഥാന വിഹിതം അനുവദിക്കാതെ കേന്ദ്രം പണം തരുന്നില്ലെന്ന കള്ളപ്രചരണം സർക്കാര്‍ നടത്തുകയാണ്. കേന്ദ്ര വിരോധത്തിന്‍റെ പേരിൽ കൃത്രിമമായി നോട്ട് ക്ഷാമം സൃഷ്ടിക്കാനും സർക്കാർ മുതിരുകയാണ്. ചില ബാങ്കുകളുമായി ചേർന്ന് സംസ്ഥാന സർക്കാർ നടത്തിയ ഈ ഗൂഡാലോചനയെപ്പറ്റി റിസർവ്വ് ബാങ്ക് അന്വേഷിക്കണമെന്ന് സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന്‍റെ
പ്രവർത്തനത്തെ കേരളവും മാതൃകയാക്കേണ്ടത്. സദ്ഭരണം എന്നത് പ്രകടന പത്രികയിലെ വാഗ്ദാനം മാത്രമല്ലെന്ന് ഇന്ന് രാജ്യം തിരിച്ചറിയുന്നു. നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസന മാതൃകയെ രാജ്യം മുഴുവൻ അംഗീകരിച്ചിരിക്കുന്നു. ഈയടുത്ത് 5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ഇതാണ് കണ്ടത്. അതേസമയം സംസ്ഥാനം രൂപീകൃതമായി 60 വർഷം കഴിഞ്ഞിട്ടും ഉപഭോക്തൃ സംസ്ഥാനം എന്ന പെരുമ മാത്രം സ്വന്തമായുള്ള കേരളം ഇന്ന് അക്ഷരാർത്ഥത്തിൽ നട്ടം തിരിയുകയാണ്. നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസന അജണ്ട മാത്രമാണ് ഇനി മലയാളികൾക്കുള്ള ഏക പ്രതീക്ഷ. അതിന് ബിജെപിയ്ക്കൊപ്പം അണി ചേരാൻ എല്ലാ ജനാധിപത്യ വിശ്വാസികളേയും സംസ്ഥാന സമിതി ആഹ്വാനം ചെയ്യുന്നു.