തിരുവനന്തപുരം: കേരളത്തിലെ 49 സഹകരണബാങ്കുകളിൽ ക്രമക്കേട് നടന്നെന്ന സഹകരണമന്ത്രി വിഎൻ വാസവന്റെ പ്രസ്താവന ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളിൽ എല്ലാം വലിയ തട്ടിപ്പാണ് നടക്കുന്നത്. വലിയതോതിലുള്ള കള്ളപ്പണ ഇടപാടുകളുടെ കേന്ദ്രമാക്കി സഹകരണ ബാങ്കുകളെ സിപിഎം മാറ്റുകയാണ്. പേരാവൂർ ബാങ്കിൽ മാത്രമല്ല കണ്ണൂർ ജില്ലയിലെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 150 ഓളം ബാങ്കുകളിൽ നിക്ഷേപകർ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. ഇത് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ സഹകരണമേഖലയിൽ കൈകടത്താൻ ശ്രമിക്കുകയാണെന്നും സംസ്ഥാനത്തെ സഹകരണബാങ്കുകലെല്ലാം സുതാര്യമാണെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. കരിവന്നൂർ ബാങ്കിലെ തട്ടിപ്പിനെ കുറിച്ച് 2019ൽ അന്നത്തെ സഹകരണ മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് പരാതി ലഭിച്ചിരുന്നെന്ന വാസവൻ രേഖാമൂലം നിയമസഭയെ അറിയിച്ചത് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിന് പിന്നിൽ സിപിഎം നേതാക്കളായതു കൊണ്ടാണ് അന്നത്തെ മന്ത്രി ആ പരാതി മൂടിവെച്ചത്. 69 പേരുടെ പേരിൽ നടപടിയെടുത്തെന്നാണ് മന്ത്രി പറയുന്നത്. ഇവരിൽ എത്രപേർ സിപിഎം നേതാക്കളാണെന്ന് വാസവൻ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.