സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച പാര്‍ലമെന്റേറിയന്‍മാരില്‍ ഒരാളും, രാഷ്ട്രീയ രംഗത്തെ വിസ്മയമെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുകയും ചെയ്യുന്ന ഒരു മഹാനായ രാഷ്ട്രതന്ത്രജ്ഞനനെയാണ് ശ്രീ.എ.ബി.വാജ്‌പേയ്‌യുടെ തിരോധാനം മൂലം രാഷ്ട്രത്തിന് നഷ്ടമായിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ മൂല്യങ്ങളുടെ ഏറ്റവും നല്ല കാവല്‍ക്കാരില്‍ ഒരാളായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. നല്ല പാര്‍ലമെന്റേറിയനുള്ള ഗോവിന്ദ വല്ലഭ പന്ത് അവാര്‍ഡ് അദ്ദേഹത്തിനു ലഭിച്ചപ്പോള്‍ തന്റെ ഏറ്റവും വലിയ മികവിലൊന്നായ് അദ്ദേഹം ചൂണ്ടിക്കാട്ടിയത് താന്‍ ഒരിക്കലും തന്റെ എതിരാളിയുടെ അരയ്ക്ക് താഴെ ഉന്നം വയ്ക്കാറില്ല എന്നുള്ളതായിരുന്നു. കാവിയും, കുങ്കുമവും, കാക്കിയുമൊക്കെ തന്റെ ജീവിതഗതി നിര്‍ണ്ണയിക്കുമ്പോഴും എതിര്‍ ചേരിക്കാരുടെ വിശ്വാസം ആര്‍ജ്ജിക്കാനും അവരെ തന്റെ പ്രസ്ഥാനത്തിലേക്ക് അടുപ്പിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കേരളത്തിലെ ബി.ജെ.പി.ക്കാരോട് എന്നും അതിരുവിട്ട വാത്സല്യവും സ്‌നേഹവും താല്‍പ്പര്യവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആര്‍.എസ്.എസിന്റെ ആദര്‍ശ മൂശയിലൂടെ വാര്‍ത്തെടുത്ത ഏറ്റവും നല്ല ജനനേതാക്കളില്‍ ഒരാളായിരുന്നു അടല്‍ജി. മനുഷ്യന്റെ മഹത്വമാണ് മനസ്സിന്റെ മഹത്വം എന്ന കണ്‍ഫ്യൂഷ്യസിന്റെ വാക്കുകള്‍ക്ക് അടല്‍ ബിഹാരിയോളം ഉചിതമായ മറ്റൊരാളുണ്ടോ എന്ന് സംശയമാണ്. 1998ല്‍ തകര്‍ന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയുമായി ഭരണ സാരഥ്യം ഏറ്റെടുത്ത അദ്ദേഹം 2004ല്‍ അധികാരം വിട്ടൊഴിയുമ്പോള്‍ മികച്ച സാമ്പത്തിക വളര്‍ച്ചയും നേട്ടവുമുള്ള ഒരു ഇന്ത്യയെയാണ് യു.പി.എയ്ക്ക് കൈമാറിയത്. മികച്ച ഭരണാധിപനും കരുത്തനായ പ്രതിപക്ഷ നേതാവും രാഷ്ട്രതന്ത്ര നിപുണനുമായിരുന്ന ഒരു മഹാനായ രാഷ്ട്രനായകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കേരള ബി.ജെ.പി ഘടകം അനുശോചിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു.
അഡ്വ:പി.എസ്.ശ്രീധരന്‍ പിള്ള
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍