തിരുവനന്തപുരം: ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ എംപിമാരും എംഎൽഎമാരും എൻഡിഎ സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിന്‍റെ വിജയത്തിനായി പ്രവർത്തിക്കണമെന്ന് സംസ്ഥാന എൻഡിഎ ചെയർമാൻ കുമ്മനം രാജശേഖരനും കൺവീനർ തുഷാർ വെള്ളാപ്പള്ളിയും അഭ്യർത്ഥിച്ചു. ഇതിനായി എല്ലാവരും രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി സഹകരിക്കണം. ദേശീയ രാഷ്ട്രീയത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭാവാത്മകവും പുരോഗമനാത്മകവുമായ മാറ്റങ്ങൾക്കൊത്ത് നീങ്ങാനും ക്രിയാത്മകമായ പങ്ക് വഹിക്കാനും കേരളത്തിലെ എംഎൽഎമാരും എംപിമാരും തയ്യാറാകുമെന്ന് എൻഡിഎ പ്രതീക്ഷിക്കുന്നു. കേന്ദ്രസർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും കൂടുതൽ കരുത്താർജ്ജിക്കേണ്ടത് ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നാടിന്‍റെ ആവശ്യമാണ്.  ആ നിലയ്ക്ക് ഭാരത ജനതയുടെ ഇച്ഛാശക്തിയെ ഉയർത്തിപ്പിടിക്കുന്ന രാംനാഥ് കോവിന്ദ് എന്തുകൊണ്ടും രാഷ്ട്രപതിയാകാൻ യോഗ്യനാണ്. സമകാലിക സംഭവ വികാസങ്ങൾ കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തിന്‍റെ വിജയം നാടിന്‍റെ പരിവർത്തനത്തിന് ഉതകുമെന്ന് ഉറച്ച് വിശ്വസിക്കാം. ഭാരതത്തിന്‍റെ വിധി നിര്‍ണ്ണായകമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിനെ അനുകൂലിക്കാൻ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കുമെന്നും ഇരുവരും പ്രത്യാശ പ്രകടിപ്പിച്ചു.