തിരുവനന്തപുരം: ഒ രാജഗോപാൽ എംഎൽഎയുടെ ഓഫീസ് അക്രമിച്ച സംഭവത്തിൽ  കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി നിയമസഭയിൽ സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഓഫീസ് അക്രമണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളക്കഥ മെനയുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമികൾ എറിഞ്ഞു തകർത്ത ഒ രാജഗോപാൽ എംഎൽഎയുടെ നേമത്തെ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേറേ ആരെയോ ഉന്നമിട്ടാണ് അക്രമികൾ വന്നതെങ്കിൽ അവർ ബിജെപി ഓഫീസ് അക്രമിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎം നേതാക്കൾ പ്രതികളായ എല്ലാ കേസുകളിലും കള്ളം പ്രചരിപ്പിക്കുന്നത് ഇവരുടെ പതിവ് രീതിയാണ്. അക്രമികളെ ഉടൻ പിടികൂടും എന്ന് പറയേണ്ട മുഖമന്ത്രി സംഭവത്തെ ലഘൂകരിക്കാനാണ് ശ്രമിക്കുന്നത്. ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി മാസങ്ങൾ കഴിഞ്ഞിട്ടും ഒരാളേപ്പോലും പിടികൂടാൻ ആയിട്ടില്ല. അതിനു ശേഷവും ബിജെപി നേതാക്കൾക്കും ഓഫീസുകൾക്കും നേരെ നിരവധി അക്രമങ്ങൾ ഉണ്ടായി. അവയിലൊന്നിലും പ്രതികളെ പിടികൂടാൻ പൊലീസ് തയ്യാറായിട്ടില്ല. ഇത് സിപിഎം ഇടപെടൽ മൂലമാണെന്നും കുമ്മനം പറഞ്ഞു. ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, കൗൺസിലർമാരായ എം ആർഗോപൻ, പാപ്പനംകോട് സജി എന്നിവരും ഒപ്പമുണ്ടായിരുന്നു.