തിരുവനന്തപുരം: പ്രധാനമന്ത്രിയും മാർപ്പാപ്പയും തമ്മിൽ നടന്നത് ചരിത്രപരമായ കൂടിക്കാഴ്ചയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയിലെ ക്രൈസ്തവർക്ക് ആഹ്ലാദകരമായ ദിവസമാണ് ഇന്നെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ ഭാരതം നേടിയ വലിയ വിശ്വാസതയുടെ കാലത്താണ് പ്രധാനമന്ത്രിയുടെ വത്തിക്കാൻ സന്ദർശനമെന്നത് എടുത്തു പറയേണ്ടതാണ്. മാർപ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് വിശ്വാസികൾക്ക് ഏറെ സന്തോഷം നൽകുന്നു. സാഹോദര്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും സന്ദേശം നൽകുന്നതാവും മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനം. ക്രൈസ്ത നേതൃത്വത്തിൻ്റെ വലിയൊരു ആവശ്യമായിരുന്നു ഇത്. മാർപ്പാപ്പ കേരളം സന്ദർശിക്കണമെന്ന് ഈ നാട്ടിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.