ബോണക്കാടും വിതുരയിലും കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷം നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ പൊലീസിനും വിശ്വാസികൾക്കും വീഴ്ചയുണ്ടായിട്ടുണ്ട്. സ്ത്രീകൾ അടക്കമുള്ളവരെ ക്രൂരമായി തല്ലിച്ചതച്ച പൊലീസ് നടപടി ഒഴിവാക്കേണ്ടതായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. ബന്ധപ്പെട്ട കക്ഷികളെ എല്ലാവരെയും ഉൾപ്പെടുത്തി സമവായം ഉണ്ടാക്കാൻ സർക്കാർ മുൻകൈ എടുക്കണം. കോടതി തീരുമാനം വരുന്നത് വരെ വിശ്വാസികൾ ക്ഷമ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബോണക്കാട് വനത്തിനുള്ളിൽ കുരിശു സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സഭ പിൻമാറണം. കാരണം ബോണക്കാട് വനമേഖല എന്നത് വന്യജീവി സങ്കേതത്തിന്‍റെ ഭാഗമാണ്. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയെ വന്യജീവികളുടെ ആവാസത്തിനായി വിട്ടു കൊടുക്കേണ്ടതാണെന്ന ബോധ്യമുള്ളതു കൊണ്ടാണ് ഹൈക്കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടത്. കേന്ദ്ര അനുമതിയില്ലാതെ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല. കുറിഞ്ഞി ദേശീയ ഉദ്യാനം പോലെ തന്നെ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമാണ് ഇതും. അതിനാൽ തന്നെ അവിടെ കുരിശ് സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്ന് സഭ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.