തിരുവനന്തപുരം: മൂന്നാർ കയ്യേറ്റത്തെപ്പറ്റി പഠിക്കാൻ കേരളത്തിൽ നിന്നുള്ള ബിജെപി എംപിമാര്‍ മൂന്നാർ സന്ദർശിക്കും. സുരേഷ്ഗോപി, റിച്ചാർഡ് ഹേ, രാജീവ് ചന്ദ്രശേഖർ എന്നിവരെക്കൂടാതെ ഒ രാജഗോപാൽ എംഎൽഎയും സംഘത്തിലുണ്ടാകും. ഈ മാസം 14 നാണ് സന്ദർശനം. കേരളത്തിൽ നിന്നുള്ള എംപിമാരുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ  കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കേരളത്തിൽ ഭരണത്തിലിരുന്ന ഇരു മുന്നണികളും ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും മൂന്നാറിൽ കയ്യേറ്റം തുടർക്കഥയാണ്. രണ്ട് മുന്നണികളുടേയും രഹസ്യ പിന്തുണ ഇതിനുണ്ട്. അനധികൃതമായി ഇത്രയധികം വൻ റിസോർച്ചുകൾ കെട്ടിപ്പൊക്കിയത് എങ്ങനെയെന്ന് ഭരണത്തിലിരുന്നവര്‍ വിശദീകരിക്കണം. കയ്യേറ്റത്തിനെതിരെ കേന്ദ്ര ഇടപെടീൽ ശക്തമാക്കാനാണ് എംപിമാർ സ്ഥലം സന്ദർശിക്കുന്നത്. മൂന്നാറിനെപ്പറ്റിയുള്ള വസ്തുതാ വിവര റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് സമർപ്പിക്കും. കേന്ദ്രസംഘം ഉടൻ മൂന്നാർ സന്ദർശിക്കും. സാധാരണക്കാരായ കുടിയേറ്റക്കാർക്ക് ഉടൻ ഭൂമി ലഭ്യമാക്കണമെന്നാണ് ബിജെപി നിലപാടെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച കുമ്മനം രാജശേഖരൻ പറഞ്ഞു.നിയമവിരുദ്ധമായ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ സർവ്വകക്ഷി യോഗം വിളിക്കേണ്ടിയിരുന്നില്ല. ഭൂരഹിതർക്ക് ഭൂമി എങ്ങനെ നൽകാം എന്നതിനെപ്പറ്റിയായിരുന്നു സർവ്വ കക്ഷിയോഗം ചർച്ച ചെയ്യേണ്ടിയിരുന്നത്.
ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികൾ കേരളത്തിൽ നടപ്പാക്കാത്ത ഇടതു സർക്കാർ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളത്തിൽ നീതി ആയോഗിന്‍റെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ഇതിനായി കേരളത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങൾക്കുള്ള കേന്ദ്ര ഫണ്ട് കേരളാ സർക്കാർ പാഴാക്കുകയാണ്. ഇത് കേന്ദ്ര സർക്കാരിന്‍റെ ശ്രദ്ധയിൽ പെടുത്താൻ എംപിമാരെ യോഗം ചുമതലപ്പെടുത്തി.
തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ സംസ്ഥാന സർക്കാരിന്‍റെ വീഴ്ചമൂലമാണ്. മുൻ വർഷങ്ങളിലെ കണക്ക് കൃത്യമായി നൽകാത്തതാണ് പല പദ്ധതികളുടെയും ഫണ്ട് പാഴായി പോകുന്നതിന് കാരണം . കുട്ടനാട്- ഇടുക്കി പാക്കേജുകൾ, പമ്പാനദി സംരക്ഷണം, അട്ടപ്പാടിയുടെ വികസനം എന്നിവയ്ക്കുള്ള കോടിക്കണക്കിന് രൂപയാണ് സംസ്ഥാനം പാഴാക്കിയത്.
കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്ര ഇടപെടീൽ ഉറപ്പാക്കും.ഇതിനായി ബിജെപി കേരളാ ഘടകം മാസ്റ്റർ പ്ലാൻ കേന്ദ്രത്തിന് സമർപ്പിക്കും. കൈത്തറി ഉൾപ്പടെയുള്ള കേരളത്തിലെ വസ്ത്ര വ്യവസായത്തിന്‍റെ പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തുമെന്നും കുമ്മനം അറിയിച്ചു. ബിജെപി കേരളാ ഘടകത്തിന്‍റെ ദില്ലിയിലെ പ്രവർത്തനം ശക്തിപ്പെടുത്തും. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സജീവമാക്കാനാണിത്. അടുത്ത മാസം കേരളത്തിലെത്തുന്ന അഖിലേന്ത്യാ അമിത് ഷാ ദേശീയ ജനാധിപത്യ സഖ്യം വിപുലീകരിക്കുന്നിതിനുള്ള ചർച്ചകൾ നടത്തുമെന്നും കുമ്മനം അറിയിച്ചു. എംപിമാരായ സുരേഷ് ഗോപി, റിച്ചാർഡ് ഹേ, രാജീവ് ചന്ദ്രശേഖർ, ഒ രാജഗോപാൽ എംഎൽഎ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.