അക്രമാസക്തമായ സമരം നടത്തി ഗെയിൽ പദ്ധതി മുടക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത് അപലപനീയമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നം സമാധാനപരമായി ഒത്തുതീർക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. 2007 ൽ അനുവദിച്ച പദ്ധതി ഇപ്പോഴും തുടങ്ങാൻ ആകാത്തത് സർക്കാരുകളുടെ പിടിപ്പു കേട് കൊണ്ട് മാത്രമാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് വ്യക്തതവരുത്താനോ കർഷകരുടെ ആശങ്ക അകറ്റാനോ നാളിതു വരെ സര്‍ക്കാരിനായിട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുക്കാൻ സാധിക്കാത്ത സർക്കാരുകളുടെ പിടിപ്പുകേട് മതമൗലികവാദികൾ മുതലെടുക്കുകയാണ്. ഇപ്പോഴത്തെ ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിന്‍റെ കഴിവുകേട് മൂലം ഉണ്ടാകുന്നതാണ്. പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളുമായി പങ്ക് വെച്ച് അവരേക്കൂടി വിശ്വാസത്തിലെടുക്കാൻ സർക്കാർ തയ്യാറാകണം. പ്രതിപക്ഷത്തിരിക്കുമ്പോൾ വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച് കയ്യടി നേടാനാണ് ഇരു മുന്നണികളും ശ്രമിച്ചിട്ടുള്ളത്. ഇത് ജനങ്ങളോടുള്ള വഞ്ചനയാണ്. ഈ സാഹചര്യം മുതലെടുത്ത് സാമൂഹ്യ വിരുദ്ധരും മത മൗലികവാദികളുമൊക്കെ പ്രശ്നം രൂക്ഷമാക്കാനാണ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണം. കേരളത്തോടൊപ്പം ഇതേ പദ്ധതി അനുവദിച്ചു കിട്ടിയ ഗുജറാത്തിൽ ജനങ്ങൾക്ക് ഇതിന്‍റെ പ്രയോജനം കിട്ടിതുടങ്ങിയിട്ട് നാളുകളായി. എന്നാൽ പദ്ധതിയുടെ പ്രാഥമിക കടമ്പ പോലും കടക്കാൻ ഇവിടുത്തെ സർക്കാരുകൾക്ക് കഴിയാത്തത് ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു.