മന്ത്രി എം.എം.മണിയുടെ വിവാദ പ്രസംഗം തെറ്റാണെന്ന് ഹൈക്കോടതിയും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ . മണിക്കെതിരെ എന്തുനടപടി എടുത്തുവെന്നാണ് കോടതി പോലീസിനോട് ചോദിച്ചിരിക്കുന്നത്. മണി സ്ത്രീകളെക്കുറിച്ചല്ല മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്ന സര്‍ക്കാര്‍ നിലപാട് അപഹാസ്യകരമാണ്. രാജ്യത്തെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും അപമാനിക്കുന്ന സത്യവാങ് മൂലം കോടതിയില്‍ നല്‍കിയതിലൂടെ മാധ്യമങ്ങളോടുള്ള സര്‍്ക്കാര്‍ നയം ഒരുക്കല്‍കൂടി പുറത്തുവന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമോ എന്ന കോടതിയുടെ ചോദ്യം അര്‍ത്ഥവത്താണ്. സീസറിന്റെ ഭാര്യയും സംശയങ്ങള്‍ക്കതീതയായിരിക്കണമെന്ന കോടതി പരാമര്‍ശത്തിന്റെ പേരില്‍ കെ.എം.മാണിയുടെ രാജിക്കായി മുറവിളി കൂട്ടിയവരാണ് സിപിഎം. മാണിയുടെ രാജിയിലേക്ക് അത് നയിക്കുകയും ചെയ്തു. മറ്റുപല കോടതി പരാമര്‍ശങ്ങളുടെ പേരിലും നേതാക്കളുടെ രാജി ആവശ്യപ്പെട്ട പാര്‍ട്ടി സ്വന്തം നേതാവിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് എടുക്കുന്നത് അംഗീകരിക്കാനാവില്ല.
പ്രസംഗത്തിന്റെ പേരില്‍ മന്ത്രി മണിയെ ശാസിച്ചത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്ന സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിലപാടും അംഗീകരിക്കാനാകില്ല. ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കളെ പാര്‍ട്ടി ശാസിച്ചിട്ടുണ്ടെന്നാണ് ന്യായം പറയുന്നത്. അവര്‍ ശാസനയ്ക്ക് വിധേയരായത് പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ ഭാഗമായിട്ടാണ്. ഇവിടെ മണി അച്ചടക്ക ലംഘനമല്ല കാണിച്ചിരിക്കുന്നത്. പൊതു സമൂഹത്തെ പ്രത്യേകിച്ച് സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയുമാണ് ചെയ്തിരിക്കുന്നത്.
സൗമ്യകേസില്‍ റിവ്യൂഹര്‍ജിയിലും സര്‍ക്കാരിനെതിരായ നിലപാട് ഉണ്ടാകാന്‍ കാരണം പ്രോസിക്യൂഷന്റെ പിഴവാണ്. ഒരു അമ്മയുടെ കണ്ണീരിന് കൂടി ഉത്തരം പറയാന്‍ ഇത് കാരണമായിരിക്കുകയാണെന്നും കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു.