കേരളത്തിലെ ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് നേതാക്കൾ കശാപ്പുകാരായി മാറിയോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ചോദിച്ചു. ബിജെപി വിരോധത്തിന്‍റെ പേരിൽ യുവാക്കൾ കശാപ്പുകാരായി തെരുവുകളിൽ പേക്കൂത്ത് നടത്തുന്ന കാഴ്ച ഞെട്ടലുളവാക്കുന്നതാണ്. കശാപ്പുകാരന്‍റെ മനസ്സുമായി രാഷ്ട്രീയ പ്രവർത്തനം നടത്താനെത്തുന്ന ഇവരെ ജനങ്ങൾ കരുതിയിരിക്കണം. പ്രതിഷേധത്തിന്‍റെ പേരിൽ നടുറോഡിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുകയും മൃഗങ്ങളുടെ ചോരയൊലിക്കുന്ന തലയുമായി പ്രകടനം നടത്തുകയും ചെയ്യുന്നത് സാമാന്യ ബുദ്ധിയുള്ളവർ ചെയ്യുന്ന കാര്യമാണോയെന്ന് ചിന്തിക്കണം. ബീഫ് പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് വേണ്ടി പൊതുജന മദ്ധ്യത്തിൽ പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണ്. ഭാവികേരളത്തെപ്പറ്റി പ്രത്യാശക്ക് വകയില്ലെന്ന് തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് രണ്ടു ദിവസങ്ങളായി കേരളത്തിൽ അരങ്ങേറിയതെന്നും കുമ്മനം പറഞ്ഞു.
ഇന്ത്യൻ സൈന്യത്തെ കൊലപാതകികളും ബലാത്സംഗക്കാരുമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റേത് പാകിസ്ഥാനികളുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതിനുള്ള അംഗീകാരമാണ് കോടിയേരിയെ പ്രകീർത്തിച്ച് പാകിസ്ഥാൻ ദിനപ്പത്രങ്ങളിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്. അതിർത്തിയിലെ സൈന്യത്തിന് പൂർണ്ണ അധികാരം നൽകുമെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അരുൺജയ്റ്റ്ലിയുടെ നിലപാടിന് എതിരായി ഇന്ത്യക്ക് അകത്തു നിന്ന് തന്നെ എതിർപ്പുയർന്നു എന്ന തരത്തിലാണ് പാക് മാധ്യമങ്ങൾ കോടിയേരിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ചത്. തങ്ങളുടെ നിലപാടിനുള്ള അംഗീകാരമായി ശത്രുരാജ്യം തന്‍റെ പ്രസ്താവനയെ സ്വീകരിച്ചിട്ടും അത് തിരുത്താൻ പോലും തയ്യാറാകാത്ത കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമാണ്. ഇതിനെതിരെ ബിജെപി നിയമനടപടി സ്വീകരിക്കും.
നടുറോഡിൽ മ‍ൃഗങ്ങളെ വെട്ടിക്കൊന്ന് ഭീകരത സൃഷ്ടിച്ച ഡിവൈഎഫ്ഐ-യൂത്ത് കോൺഗ്രസ് നടപടിയിലും കോടിയേരി ബാലകൃഷ്ണന്‍റെ പാക് അനുകൂല പ്രസ്താവനയ്ക്കും എതിരെ ദേശീയ ജനാധിപത്യ സഖ്യം ചൊവ്വാഴ്ച  പ്രതിഷേധദിനമായി ആചരിക്കുമെന്ന് എൻഡിഎ ചെയർമാൻ കൂടിയായ കുമ്മനം രാജശേഖരൻ അറിയിച്ചു. അന്നേ ദിവസം ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും പ്രകടനവും നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.