തിരുവനന്തപുരം: കണ്ണൂരിൽ അഫ്സ്പാ നിയമം പ്രയോഗിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംസ്ഥാന സർക്കാരിന് കണ്ണൂരിലെ ക്രിമിനലുകളെ നിയന്ത്രിക്കാനാവില്ലെന്ന് ഇതോടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ്. സമാധാന ശ്രമങ്ങളെ സിപിഎം ഏകപക്ഷീയമായി അട്ടിമറിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്ക് പോലും നിയന്ത്രിക്കാനാകാതെ സിപിഎം ക്രിമിനലുകൾ കണ്ണൂരിൽ തേർവാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവരെ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെ കണ്ണൂരിലെ ക്രമസമാധാനപാലനത്തിന് അഫ്സ്പ പ്രയോഗിക്കണം. ഇതിനായി ഗവർണ്ണർക്ക് നിവേദനം നൽകും. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂരിൽ ഹർത്താൽ ആചരിക്കും. സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ ദിനമായിരിക്കുമെന്നും കുമ്മനം അറിയിച്ചു.