തിരുവനന്തപുരം: സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്സ്പാ നിയമം കണ്ണൂർ ജില്ലയിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഗവർണ്ണർക്ക് നിവേദനം നൽകി. ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം രാജ്ഭവനിലെത്തി ജസ്റ്റിസ് പി സദാശിവത്തിന് നിവേദനം കൈമാറി. കണ്ണൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ കൊലപാതകം ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഒ രാജഗോപാൽ പറഞ്ഞു. പിണറായി വിജയൻ അധികാരമേറ്റതിന് ശേഷമുള്ള പതിമൂന്നാമത് കൊലപാതകമാണിത്. ഓരോ തവണ കൊലപാതകം നടക്കുമ്പോഴും ഇത് അവസാനത്തേതാണെന്നും ഇനി ആവർത്തിക്കില്ലെന്നുമുള്ള ഉറപ്പ് മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കൾ ആവർത്തിക്കാറുണ്ട്. ഇത് പാഴ്വാക്കാണെന്ന് ഉറപ്പായി.

കണ്ണൂരിലെ സിപിഎം നേതാക്കൾക്ക് മേൽ പിണറായി വിജയന് നിയന്ത്രണില്ല. ഇവരെ നിയന്ത്രിക്കാൻ കേരളാ പൊലീസിനും സാധിക്കുന്നില്ല. അതിനാലാണ് അഫ്സ്പാ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇതിനായി ഗവർണ്ണർ തന്‍റെ പ്രത്യേക അധികാരം ഉപയോഗിക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ്, ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു