കോഴിക്കോട്: ഉത്രവധക്കേസിൽ പ്രതിക്ക് തൂക്കുകയർ ലഭിക്കേണ്ടിയിരുന്നുവെന്നും അതിന് വേണ്ടി സർക്കാർ അപ്പീലിന് പോകണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ സൂരജിന് വധശിക്ഷ തന്നെ ലഭിക്കേണ്ടതാണ്. രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസാണിത്. ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. വധശിക്ഷനൽകേണ്ട അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണിതെന്ന് കോടതിയുടെ വിധിയിലും പറയുന്നുണ്ട്. കേരളത്തിലെ പെൺകുട്ടികൾ സുരക്ഷിതരായിരിക്കാൻ ഈ കേസിൽ മാതൃകാപരമായ ശിക്ഷ പ്രതിക്ക് കിട്ടേണ്ടതുണ്ട്. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നാണ് ബിജെപിയുടെ ആഗ്രഹമെന്നും സുരേന്ദ്രൻ പറഞ്ഞു.