അങ്ങേയറ്റം നികൃഷ്ടവും നാണം കെട്ടതുമായ  രാഷ്ട്രീയ മുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത് .അതും ജനലക്ഷങ്ങളെ ബാധിച്ച പ്രളയദുരന്തന്തിന്റെ മറവിൽ. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കല്ലാതെ  മറ്റൊരു രാഷ്ട്രീയ വിദ്യാർത്ഥിക്കും കഴിയില്ല ഇത്രയേറെ തരം താഴാൻ. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കേരളത്തിന് യുഎഇ നൽകാമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച തുക സ്വീകരിക്കുന്നതിന്  കേന്ദ്ര സർക്കാർ തടസം നിൽക്കുന്നത് ആർഎസ്എസിന്റെ  ഇടപെടൽ മൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.
കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് എല്ല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടായിട്ടും കേന്ദ്രവിരുദ്ധവികാരം സംസ്ഥാനത്തു വളർത്തിയെടുക്കാനും മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതിനും ഉള്ള   കോടിയേരിയുടെ ഈ ഹീന ശ്രമം വിലപ്പോവില്ല. കേരളത്തിലെ ജനങ്ങൾ ഇത്തരം ജൽപ്പനങ്ങൾ അവ അർഹിക്കുന്ന അവഗണനയുടെ തള്ളിക്കളയുക തന്നെ ചെയ്യും.

 

ഏതാണ്ടുപതിനയ്യായിരം കോടി രൂപയുടെ സഹായമാണ് വിവിധ ആവശ്യങ്ങൾക്കായി ദുരന്തബാധിതകേരളത്തിൽ ചിലവഴിക്കാമെന്നു പ്രധാനമന്ത്രി നേരിട്ട് വാഗ്ദാനം ചെയ്തിട്ടുള്ളത്. സാമ്പത്തിക  സഹായത്തിനു പുറമെ ഭക്ഷ്യധാന്യങ്ങൾ,മണ്ണെണ്ണ തുടങ്ങിയ വസ്തുക്കൾ കൂടാതെ വീടുകൾ നിർമ്മിക്കാനും റോഡുകൾ പണിയുന്നതിനുമൊക്കെയുള്ള സഹസ്ര കോടികളുടെ കേന്ദ്രസഹായമാണ് ഇതിനകം പ്രധാന മന്ത്രി  പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണമടഞ്ഞവരുടെ ബന്ധുക്കൾക്കും  പരിക്കേറ്റവർക്കും ധനസഹായവും പ്രധാനമന്തി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതര സംസ്ഥാനസർകാറുകളുടെ സഹായധനവും പ്രവഹിച്ചു കൊണ്ടിരിക്കയാണ്..സമാന ദുരന്തങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ  സംഭവിച്ചപ്പോഴൊന്നും കേരളം ഒരു സഹായവും ചെയ്തില്ലെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്.
വിദേശരാജ്യങ്ങളിൽ നിന്നും വിദേശ ഏജൻസികളിൽ നിന്നും ഇത്തരം സന്ദർഭങ്ങളിൽ ധനസഹായം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യത്തു നിയമങ്ങളും കീഴ്വഴക്കങ്ങളും നിലവിലുണ്ട്.വിദേശസഹായം സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചത് കഴിഞ്ഞ മൻമോഹൻ സിംഗ് സർക്കാരാണ്.ഇത്തരം നിയമങ്ങളും കീഴ്വഴക്കങ്ങളും മാറ്റണമെന്നുണ്ടെങ്കിൽ അത് സംബന്ധിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ട്.
ഒരു വിദേശ രാജ്യത്ത് നിന്ന് സഹായധനവാഗ്ദാനം വന്നതായി പ്രഖ്യാപിക്കാൻ  മുഖ്യമന്ത്രിയെ ആര് ചുമതലപ്പെടുത്തിയെന്നതും ആലോചനാമൃതമാണ്.